കുമ്പിച്ചല്‍കടവില്‍ വി പാര്‍ക്ക്; ഒന്നാംഘട്ട നിര്‍മാണം തുടങ്ങി
text_fieldsകുമ്പിച്ചല്‍കടവ് പാലത്തിന് അനുബന്ധമായി നിര്‍മിക്കുന്ന വി പാര്‍ക്കിന്റെ ഒന്നാംഘട്ട നിര്‍മ്മാണോദ്ഘാടനം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
വെള്ളറട: കുമ്പിച്ചല്‍കടവ് പാലത്തിന് അനുബന്ധമായി നിര്‍മിക്കുന്ന വി പാര്‍ക്കിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നിര്‍മ്മാണോദ്ഘാടനം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാലത്തിന് താഴെയും പരിസരത്തുമായി നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വികസിപ്പിച്ച് മനോഹരമായ പൊതുഇടമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയും സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കി പ്രദേശത്തെ ജനകീയവും സുരക്ഷിതവുമായ വിനോദ വിശ്രമ കേന്ദ്രമാക്കി മാറ്റുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് വി പാര്‍ക്ക് വികസിപ്പിക്കുന്നത്. നടപ്പാത, ഓപ്പണ്‍ ജിം, കളിസ്ഥലം, കലാപ്രകടനങ്ങള്‍ക്കുള്ള വേദി, യോഗ മെഡിറ്റേഷന്‍ ഏരിയ, ചെസ് കളിക്കാനുള്ള ബ്ലോക്കുകള്‍, ഫുഡ് കിയോസ്ക്, പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ബോട്ട് ക്ലബ്ബ് തുടങ്ങിയ വിവിധ സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കും. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. വിനോദത്തിനും വ്യായാമത്തിനും വിശ്രമത്തിനും കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പൊതുഇടമായി വി പാര്‍ക്ക് മാറും.
ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണ ചുമതല ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിനാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുമ്പിച്ചല്‍കടവ് പാലവും പരിസരവും കൂടുതല്‍ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശീയ ജനതയ്ക്കൊപ്പം കൂടുതല്‍ വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും ഇവിടേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കും.
അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോസ് മാത്യു പോളക്കന്‍, പഞ്ചായത്ത് അംഗങ്ങളായ അഖില ഷിബു, ബിനു, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബി. ഷാജി, ബിജു തിരുത്തേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അമ്പൂരിയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് പുതിയ ദിശ നല്‍കുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് മികച്ച പൊതുസൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതിയായി കുമ്പിച്ചല്‍കടവ് വി പാര്‍ക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

