കെ.എസ്.ആർ.ടി.സിയുടെ ‘ഓർമ എക്സ്പ്രസ്’ യാത്ര തുടങ്ങി
text_fieldsകെ.എസ്.ആർ.ടി.സിയുടെ ‘ഓർമ എക്സ്പ്രസി’ന്റെ ആദ്യ യാത്രയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിനോടൊപ്പം പ്രിയദർശൻ, മണിയൻ പിള്ള രാജു, നന്ദു തുടങ്ങിയവർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ‘ഓർമ എക്സ്പ്രസ്’ നിരത്തിലിറങ്ങി. ആദ്യ യാത്രയിൽ സംവിധായകൻ പ്രിയദർശനും നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവും നന്ദുവും ഹരി പത്തനാപുരവും മന്ത്രി ഗണേഷ് കുമാറിനോടൊപ്പം സഞ്ചരിച്ചു. കെ.എസ്.ആർ.ടി.സിയുടെ നല്ല നാളെ ലക്ഷ്യമിടുന്ന റീ ബ്രാൻഡിങ്ങിന്റെ ഭാഗമായാണ് ഓർമകളിലേക്കുള്ള ഈ യാത്ര.
കനകക്കുന്നിൽ വെള്ളി മുതൽ ഞായർ വരെ നടക്കുന്ന കെ.എസ്.ആർ.ടി.സി ഓട്ടോ എക്സ്പോക്കുള്ള വിളംബരം കൂടിയായിരുന്നു യാത്ര. കവടിയാർ സ്ക്വയറിൽ നിന്ന് പുറപ്പെട്ട ‘ഓർമ എക്സ്പ്രസ്’ രാജ്ഭവൻ, അയ്യങ്കാളി പ്രതിമ, മാനവീയം വീഥി വഴി നിയമസഭക്ക് മുന്നിൽ അവസാനിച്ചു.
‘ചെങ്ങളൂർ ജങ്ഷനിൽ നിന്നു ഞാൻ കയറുന്ന അതേ കെ.എസ്.ആർ.ടി.സി സ്റ്റുഡന്റ് ഒൺലി ബസിൽ സൂപ്പർസ്റ്റാർ മോഹൻലാൽ അന്ന് കയറുമായിരുന്നു. ഞങ്ങളെല്ലാം ഫുട്ബോർഡിൽ നിന്നാകും യാത്ര ചെയ്യുന്നത്‘- കോളജിലേക്കുള്ള ബസ് യാത്ര ഓർമിച്ച് പ്രിയദർശൻ പറഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ റൂട്ടുകളിൽ കലാ-സാഹിത്യ-കായിക- ശാസ്ത്ര രംഗത്തെ പ്രശസ്തരായ മലയാളികൾ ഓർമ എക്സ്പ്രസിൽ യാത്ര ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കൂമാർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി മലയാളിയുടെ നൊസ്റ്റാൾജിയയും അഹങ്കാരവുമാണ്. മലയാളത്തിലെ കലാകരന്മാരും സാഹിത്യകാരന്മാരും പ്രതിഭകളുമായ പലരുടേയും ജീവിതം കെ.എസ്.ആർ.ടി.സിയുമായി തൊട്ടു നിൽക്കുന്നതാണ്. പഠനകാലത്ത് അവരെല്ലാം ഈ ബസുകളിലായിരുന്നു. അന്നത്തെ അനുഭവങ്ങൾ ഓർമ് എക്സ്പ്രസിലൂടെ ഇനിയും വരും. അന്നത്തെ ബസിലെ പ്രണയങ്ങൾ, പ്രണയിച്ച് വിവാഹം കഴിച്ചവർ അവരെല്ലാം വരും ദിവസങ്ങളിൽ യാത്ര ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കറും യാത്രയുടെ ഭാഗമായി.
1937ൽ ലണ്ടൻ ട്രാൻസ്പോർട്ട് ബോർഡിന്റെ ഓപറേറ്റിങ് സൂപ്രണ്ടായിരുന്ന ഇ.ജി. സാൾട്ടറെ സൂപ്രണ്ടാക്കി ആരംഭിച്ച പ്രസ്ഥാനമാണ് പിന്നീട് കെ.എസ്.ആർ.ടി.സി ആയി മാറിയത്. തിരുവതാംകൂർ- കൊച്ചി- മലബാർ എന്നിങ്ങനെ വ്യത്യസ്തമായിരുന്ന നാടിനെ ഐക്യകേരളം എന്ന നിലയിൽ രൂപപ്പെടുത്തിയതിലും കെ.എസ്.ആർ.ടി.സിയുടെ ചരിത്രപരമായ സംഭാവനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

