കെ.എസ്.ആർ.ടി.സി: വികാസ് ഭവൻ, പേരൂർക്കട ഡിപ്പോകൾ പൂട്ടുന്നു
text_fieldsതിരുവനന്തപുരം: നഷ്ടം കുറക്കുന്നതിനെന്ന പേരിൽ വികാസ്ഭവൻ, പേരൂർക്കട ഡിപ്പോകൾ കെ.എസ്.ആർ.ടി.സി പൂട്ടുന്നു. ഒപ്പം സിറ്റി, പാപ്പനംകോട് ഡിപ്പോകളിൽ നിന്ന് ഓർഡിനറി സർവിസുകളും അവസാനിപ്പിക്കാൻ ആലോചയുണ്ട്. ഇവിടങ്ങളിൽനിന്ന് ഓപറേറ്റ് ചെയ്തിരുന്ന സർവിസുകൾ ജില്ലയിലെ മറ്റ് ഡിപ്പോകൾക്ക് വീതിച്ച് നൽകും. ഫലത്തിൽ സിറ്റിപരിധയിലെ നാല് ഡിപ്പോകളിൽ നിന്നുള്ള ഓർഡിനറി സർവിസുകൾക്ക് വിരാമമാവും.
വികാസ് ഭവനിലെ 42 സർവിസുകൾ കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകൾക്ക് കൈമാറും. വികാസ് ഭവൻ ഡിപ്പോയുടെ സ്ഥലം കിഫ്ബിക്ക് കൈമാറുമെന്നാണ് വിവരം. പേരൂർക്കട ഡിപ്പോയിലെ 65 സർവിസുകൾ നെടുമങ്ങാട്, വെള്ളനാട് ഡിപ്പോകൾക്കായി വീതം വെക്കും.
സിറ്റി ഡിപ്പോയിലെ നിലവിലുള്ള 69 ബസുകൾ വെള്ളനാട്, കാട്ടാക്കട, നെടുമങ്ങാട്, വിഴിഞ്ഞം ഡിപ്പോകൾക്കാവും നൽകുക. പകരം ഇലക്ട്രിക് സിറ്റി സർക്കുലർ സിറ്റി ഡിപ്പോ പരിമിതപ്പെടുത്തും. ഇത് സ്വിഫ്റ്റിന് കീഴിലാവും.
പാപ്പനംകോട് ഡിപ്പോയിലെ 72 ബസുകൾ കാട്ടാക്കട, നെയ്യാറ്റിൻകര, വിഴിഞ്ഞം ഡിപ്പോകൾക്കാണ് കൈമാറുന്നത്. തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ ബസുകളുടെ തിരക്കൊഴിവാക്കുന്നതിന് പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി പാപ്പനംകോടിനെ പുനഃക്രമീകരിക്കാനും പദ്ധതിയുണ്ട്.
സർവിസ് ഓപറേഷനെല്ലാം തമ്പാനൂരിൽ നിന്നായിരിക്കുമെങ്കിലും ദീർഘദൂര ബസുകൾ പാപ്പനംകോട് ഡിപ്പോയിലാവും നിർത്തിയിടുക. മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകൾ തമ്പാനൂരിൽ ആളിറക്കിയ ശേഷം നേരെ പാപ്പനംകോട്ടേക്ക് പോകും. അടുത്ത സർവിസിന്റെ സമയത്തായിരിക്കും ഇവ തമ്പാനൂരേക്ക് വരുക. നിലവിൽ ദീർഘദൂര ബസുകൾ തമ്പാനൂരിൽ ആളിറക്കിയാലും അടുത്ത സർവിസ് സമയം വരെ ഇവിടെത്തന്നെ നിർത്തിയിടുകയാണ് ചെയ്യുന്നത്.
ഇതുമൂലം വലിയ കുരുക്കാണ് ഇവിടെ ഉണ്ടാകുന്നന്നതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. തമ്പാനൂരിലെ സെൻട്രൽ ഡിപ്പോയിൽ സൂപ്പർ ഫാസ്റ്റുകൾ മുതൽ മുകളിലേക്കുള്ള 183 ബസുകൾ വന്നുപോകുന്നുണ്ട്.
ഫാസ്റ്റ് പാസഞ്ചറുകൾ 384 എണ്ണംവരും. 65 ബസുകൾ സെൻട്രൽ ഡിപ്പോക്ക് തന്നെയുണ്ട്. ഡിപ്പോകൾ അവസാനിപ്പിച്ച് സർവിസുകൾ തലങ്ങും വിലങ്ങും മാറ്റുന്നതോടെ വെട്ടിലാകുന്നത് ജീവനക്കാരാണ്.
നിലവിൽ വികാസ് ഭവനിൽ ജോലി ചെയ്തിരുന്നവർക്ക് ബസ് എവിടേക്കാണോ മാറ്റുന്നത് അങ്ങോട്ടേക്ക്പോകേണ്ടി വരും. ശമ്പളം പോലും അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഈ നെട്ടോട്ടം. ഇതോടൊപ്പം സിറ്റിയിലേക്ക് വരുന്ന മുഴുവൻ ബസുകളും സിറ്റി സർക്കുലർ, സിറ്റി റേഡിയൽ സർവിസുകളാക്കി മാറ്റാനാണ് ആലോചന. സമീപഭാവിയിൽ സിറ്റി സർക്കുലർ സർവിസുകൾക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. സിറ്റിയിലെ ഗ്യാരേജുകളുടെ എണ്ണം കുറക്കാനും നീക്കമുണ്ട്.
രാവിലെ നഗരത്തിന് പുറത്തുള്ള പ്രദേശത്ത് നിന്ന് നിന്ന് സിറ്റിയിലേക്കാണ് യാത്രക്കാരുടെ തിരക്ക്. വൈകുന്നേരങ്ങളിലാകട്ടെ നഗരത്തിൽ നിന്ന് നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്കും. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് ക്രമീകരണത്തിനൊരുങ്ങുന്നതെന്നാണ് മാനേജ്മെന്റ് വിശദീകരണം.