മന്ത്രി വിളിച്ചിട്ടും ഫോണെടുത്തില്ല; കൺട്രോൾ റൂമിലെ ഒമ്പതുപേർക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കൺട്രോൾ റൂമിലേക്ക് ഗതാഗത മന്ത്രി വിളിച്ചിട്ടും ഫോണെടുത്തില്ല. ഒമ്പത് കണ്ടക്ടർമാരെ ഉടനെ സ്ഥലംമാറ്റി. തിങ്കളാഴ്ച വൈകീട്ടാണ് ചീഫ് ഓഫിസിലെ കൺട്രോൾ റൂമിലേക്ക് ‘യാത്രക്കാരനായി’ മന്ത്രി ഗണേഷ് കുമാർ പരാതി പറയാൻ വിളിച്ചത്. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട് സി.എം.ഡിയടക്കം പങ്കെടുക്കുന്ന ഉന്നതതല യോഗത്തിനിടെയായിരുന്നു മന്ത്രിയുടെ ഫോൺ വിളി. പ്രതികരണമില്ലാഞ്ഞതോടെ പരാതികൾ അയക്കുന്നതിന് നൽകിയ കൺട്രോൾ റൂം വാട്സ്ആപ് നമ്പറിലേക്ക് ‘താൻ ഗണേഷ് കുമാറാണ്, ഫോൺ എടുക്കണം’ എന്നാവശ്യപ്പെട്ട് സന്ദേശമയച്ചു. അതിനും മറുപടിയുണ്ടായില്ല.
മെസേജ് കണ്ടു എന്നത് സ്ഥിരീകരിക്കുന്ന നീല ടിക്ക് പോലും വാട്സാപ്പിൽ തെളിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തെക്കുറിച്ച് അന്വേഷിക്കാനും നിരുത്തരവാദപരമായി പെരുമാറിയതിന് ഓഫിസിലുണ്ടായിരുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദേശിച്ചത്. പിന്നാലെ രാത്രിയോടെ ഉത്തരവും ഇറങ്ങി. നടപടി നേരിട്ടവരെല്ലാം കണ്ടക്ടർ തസ്തികയിലുള്ളവരാണ്. കാസർകോട്, തിരുവനന്തപുരം സിറ്റി, വികാസ്ഭവൻ, മൂവാറ്റുപുഴ, ആറ്റിങ്ങൽ, തിരുവല്ല, ചങ്ങനാശ്ശേരി, വെള്ളനാട് ഡിപ്പോകളിലേക്കാണ് സ്ഥലം മാറ്റം. മൂന്ന് ഷിഫ്റ്റുകളാണ് കൺട്രോൾ റൂമിലുള്ളത്.
ഇതിൽ 12 ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. സ്ഥലംമാറ്റിയവർക്ക് പകരം ആയാസമുള്ള ചെയ്യാൻ കഴിയാത്ത ജീവനക്കാരെ നിയോഗിക്കാനാണ് തീരുമാനം. കൺട്രോൾ റൂമിലേക്ക് മാത്രമല്ല, ഡിപ്പോയിലേക്കും വിളിച്ചാലും ഫോണെടുക്കാറില്ലെന്ന പരാതി ഗതാഗതമന്ത്രിയുടെ ഓഫിസിൽ വ്യാപകമായി ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

