കെ.എസ്.ആർ.ടി.സി സർവിസുകൾ ഡിപ്പോകളിൽ നിന്ന് ക്ലസ്റ്ററുകളിലേക്ക്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പരമ്പരാഗതമായി ഡിപ്പോ അടിസ്ഥാനത്തിൽ നടത്തിവന്ന സർവിസുകൾ ക്ലസ്റ്റർ തലത്തിലേക്ക് മാറ്റുന്നു. ഡിപ്പോ അടിസ്ഥാനമാക്കി വികേന്ദ്രീകൃതമായി സർവിസ് നടത്തുന്നതും വിവിധ ഡിപ്പോകളിലെ സർവിസുകൾ തമ്മിൽ ഏകോപനമില്ലാത്തതും കാരണം പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് മാനേജ്മെന്റ് വിലയിരുത്തൽ.
ഒരേസമയം ഒന്നിലധികം സർവിസുകൾ നടത്തുക, ബസുകൾ യഥാക്രമം ഓടിക്കാതിരിക്കുക, പൊതുജനങ്ങൾക്ക് ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കാൻ കഴിയാതെ വരുക എന്നിവയാണ് ഇതിൽ പ്രധാനം. കോർപറേഷന് ലഭ്യമാക്കേണ്ട വരുമാനത്തിൽ കുറവുവരുന്നതും അധിക ഇന്ധനച്ചെലവുണ്ടാകുന്നതും തടയാനാണ് ക്ലസ്റ്റർ നടപ്പാക്കുന്നത്.
സർവിസ് നടത്തിപ്പ് ക്ലസ്റ്ററുകളായി തിരിക്കുന്നതാണ് പുതിയ സംവിധാനം. അനുയോജ്യരായ ഓഫിസർമാരെ ക്ലസ്റ്റർ തലവന്മാരാക്കും. ഓരോ ക്ലസ്റ്ററിന് കീഴിൽ രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫിസർമാരെയും നിയമിക്കും. ക്ലസ്റ്റർ ഓഫിസർമാരുടെ നിർദേശാനുസരണമാകും സർവിസ് സംബന്ധമായ നടപടി സ്വീകരിക്കുക.
പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാന ജില്ലയിലെ ഡിപ്പോകളെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് സർവിസ് ആരംഭിച്ചു. ഭരണപരവും അക്കൗണ്ട്സ് സംബന്ധവുമായ നടപടികൾ ജില്ല ഓഫിസുകൾ രൂപവത്കരിച്ച് ജില്ല അടിസ്ഥാനത്തിൽ നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ക്ലസ്റ്റർ 1
തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ ഒന്നിന്റെ എ.ടി.ഒക്കാവും ഇനി ജില്ലയിലെ വിവിധ ഡിപ്പോകളിലെ ദീർഘദൂര സൂപ്പർ ക്ലാസ് സർവിസുകളുടെയും (സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെയുള്ളവ), അന്തർസംസ്ഥാന സർവിസുകളുടെയും ഓപറേഷൻ-മേൽനോട്ട ചുമതല.
ക്ലസ്റ്റർ -2
തിരുവനന്തപുരം സിറ്റി കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ രണ്ടിന്റെ എ.ടി.ഒക്കാവും ഇനി സിറ്റി സർക്കുലർ, സിറ്റി ഷട്ട്ൽ, സിറ്റി റേഡിയൽ, സിറ്റി ഫാസ്റ്റ്, സിറ്റി ഓർഡിനറി എന്നിവയുടെ ചുമതല. ഒപ്പം ക്ലസ്റ്റർ രണ്ടിൽ വരുന്ന യൂനിറ്റുകളുടെ സർവിസ് ഓപറേഷന്‍റെയും മേൽനോട്ടത്തിന്‍റെയും ചുമതലയുണ്ടാകും.
ക്ലസ്റ്റർ -3
നെയ്യാറ്റിൻകര കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ മൂന്നിന്റെ എ.ടി.ഒക്കാവും നെയ്യാറ്റിൻകര, വിഴിഞ്ഞം, പാറശ്ശാല, പൂവാർ, വെള്ളറട ഡിപ്പോകളിലെ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി (സൂപ്പർ ക്ലാസ് ഒഴികെയുള്ളവ) സർവിസുകളുടെ ചുമതല.
ക്ലസ്റ്റർ -4
നെടുമങ്ങാട് കേന്ദ്രീകരിച്ച് ക്ലസ്റ്റർ നാലിൽ ആയിരിക്കും കാട്ടാക്കട, വെള്ളനാട്, ആര്യനാട്, നെടുമങ്ങാട്, പാലോട്, വിതുര ഡിപ്പോകളിലെ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി (സൂപ്പർ ക്ലാസ് ഒഴികെയുള്ളവ) സർവിസുകൾ ഏകോപിപ്പിക്കുക.
ക്ലസ്റ്റർ -5
ആറ്റിങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ അഞ്ചിലാകും കിളിമാനൂർ, വെഞ്ഞാറമൂട്, ആറ്റിങ്ങൾ, കണിയാപുരം ഡിപ്പോകളിലെ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി (സൂപ്പർ ക്ലാസ് ഒഴികെയുള്ളവ) എല്ലാ സർവീസുകളെ ഏകോപിപ്പിക്കുക.
സ്വിഫ്റ്റ് ഓപറേഷനും കെ.എസ്.ആർ.ടി.സിയിലേക്ക്
തിരുവനനന്തപുരം: കെ-സ്വിഫ്റ്റ് രൂപവത്കരിച്ചതോടെ ദീർഘദൂര ബസുകളുടെ ഓപറേഷൻ കെ.എസ്.ആർ.ടി.സിയിൽനിന്ന് അടർത്തിമാറ്റിയെങ്കിലും ക്ലസ്റ്റർ സംവിധാനം വരുന്നതോടെ ഇവ വീണ്ടും നിലവിലെ സംവിധാനത്തിന്റെ ഭാഗമാകും. ഇനി ക്ലസ്റ്റർ ഒന്നിലെ ഓഫിസറും സ്വിഫ്റ്റ് ഓപറേഷൻ ചാർജുള്ള ഡി.ടി.ഒയും എക്സിക്യൂട്ടീവ് ഡയറക്ടർ ഓപറേഷന്റെ കീഴിൽ ഒറ്റ ടീമായി പ്രവർത്തിക്കുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
സ്വന്തം നിലക്ക് ഓപറേഷൻ സംവിധാനം സ്വിഫ്റ്റ് ഏർപ്പെടുത്തിയെങ്കിലും അത് കാര്യമായി ഗുണം ചെയ്തില്ല. ഈ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. ദീർഘദൂര സർവിസുകൾ സെൻട്രൽ എ.ടി.ഒയുടെ കീഴിൽ കൊണ്ടുവന്നതോടെ സർവിസ് കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

