സിറ്റി ഷട്ടിൽ സർവിസിന് തുടക്കം: മന്ത്രി വി. ശിവൻകുട്ടി സർവിസ് ഉദ്ഘാടനം ചെയ്തു
text_fieldsതിരുവനന്തപുരം: നഗരത്തിന് പുറത്തുള്ള യാത്രാക്കാർക്ക് വേഗത്തിൽ നഗരത്തിൽ എത്താൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച സിറ്റി ഷട്ടിൽ സർവിസിന് തുടക്കമായി. പാപ്പനംകോട് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി സർവിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷതവഹിച്ച മന്ത്രി ആന്റണി രാജു സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ സർവിസുകളിൽ പുതിയതായി ആരംഭിച്ച ടുഡേ ടിക്കറ്റ് പുറത്തിറക്കി.
നഗരത്തിലെ ആശുപത്രികൾ, ഓഫിസുകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സിറ്റി സർവിസിന്റെ രണ്ടാം ഘട്ടമായാണ് കെ.എസ്.ആർ.ടി.സി സിറ്റി ഷട്ടിൽ സർവിസിന് ആരംഭിച്ചത്.
കഴിഞ്ഞ ഏഴ് മാസം കൊണ്ട് കെ.എസ്.ആർ.ടി.സിക്ക് പുതുജീവൻ വെച്ചതായി ഫ്ലാഗ് ഓഫ് നിർവഹിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോവിഡ് - ഒമിക്രോൺ നിയന്ത്രണങ്ങൾ നീക്കിയശേഷം പ്രധാനപ്പെട്ട സ്കൂളുകൾ കേന്ദ്രീകരിച്ച് ഷട്ടിൽ സർവിസ് നടത്താൻ താൽപര്യമുള്ളതായും മന്ത്രി അറിയിച്ചു. സിറ്റി സർക്കുലർ സർവിസിൽ ജനുവരി 15 വരെ ഒറ്റ സർക്കിൾ സർവിസിന് അനുവദിച്ചിരുന്ന 10 രൂപ ടിക്കറ്റ് മാർച്ച് 31 വരെ നീട്ടിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി ആന്റണി രാജുവും അറിയിച്ചു. യാത്രക്കാർ കൂടുതൽ സഹകരിച്ചാൽ ഇനിയും 10 രൂപ ടിക്കറ്റിന്റെ കാലാവധി നീട്ടും. നിലവിലെ സ്ഥിതിയിൽ നഗരത്തിൽ എത്തുന്ന 60 മുതൽ 80 ശതമാനം പേരും നഗരത്തിന്റെ 10 കിലോമീറ്റർ ചുറ്റളിൽനിന്നുള്ളവരാണ്. ഇവർ നഗരത്തിലെത്താൻ കൂടുതൽ ആശ്രയിക്കുന്ന ദീർഘദൂര ബസുകളെയാണ്.
പാറശ്ശാല, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള ഇടങ്ങളിൽനിന്ന് വരുന്ന ദീർഘദൂര ബസുകളിൽ യാത്രക്കാർ നിറഞ്ഞ് വരുന്നതിനാൽ ഇവർക്ക് ബസിൽ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു. അതിന് പരിഹാരമായാണ് സിറ്റി ഷട്ടിൽ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. സിറ്റി സർക്കുലറിലും ഷട്ടിലിലും പ്രതിമാസകാർഡ് ഇറക്കും. ഇതും യാത്രക്കാർക്ക് സഹായകരമാകും. നഗരത്തിൽ പാരിസ്ഥിതിക പ്രശ്നം കുറയ്ക്കാനായി കെ.എസ്.ആർ.ടി.സി ഇനി വാങ്ങുന്ന ഇലക്ട്രിക് ബസുകളും സി.എൻ.ജി ബസുകളും നഗരത്തിലെ സർവിസിന് നൽകുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകളുടെ ആവശ്യപ്രകാരം സർവിസ് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ അന്തിമതീരുമാനം എടുത്തതായും ഏപ്രിൽ മാസം സർവിസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സി.എം.ഡി ബിജുപ്രഭാകർ, വാർഡ് കൗൺസിലർ സൗമ്യ, കെ.എസ്.ആർ.ടി ഇ.എസ് ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, പാറക്കുഴി സുരേന്ദ്രൻ, കെ.എസ്.ആർ.ടി.സി സോണൽ ട്രാഫിക് ഓഫിസർ ജേക്കബ് സാം ലോപ്പസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

