ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ല് നൽകിയ കെ.എസ്.ഇ.ബി.ക്ക് പിഴ
text_fieldsആറ്റിങ്ങൽ: ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ല് നൽകിയ കെ.എസ്.ഇ.ബി.ക്ക് 10000 രൂപയുടെ പിഴ. കോടതി ചെലവിനത്തിൽ 3000 രൂപയും കെ.എസ്.ഇ.ബി പരാതിക്കാരന് നൽകണം. ജില്ല ഉപഭോക്ത്യ തർക്ക പരിഹാര കമീഷന്റേതാണ് വിധി. പരാതിക്കാരന് കെ.എസ്.ഇ.ബി നൽകിയ ബില്ലും കമീഷൻ റദ്ദാക്കി. ഇളമ്പ പൂവണത്തുംമൂട് സൗപർണികയിൽ എസ്. രവീന്ദ്രൻ പിള്ളയുടെ പരാതിയിലാണ് നടപടി. രവീന്ദ്രൻപിള്ള 2013ൽ വാങ്ങിയ വീടിന്റെ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ടാണ് പരാതി. വീട് വാങ്ങിയശേഷം ലഭിച്ച ആദ്യത്തെ ബില്ല് 123 രൂപയുടേതായിരുന്നു. ഡോർ ക്ലോസ്‌ഡ് എന്ന് രേഖപ്പെടുത്തിയിരുന്ന ബില്ലായിരുന്നു ഇത്.
രണ്ടുമാസം കഴിഞ്ഞ് റീഡിങ് എടുത്തശേഷം 3000 യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ഇതിന് 25059 രൂപയുടെ ബില്ല് നൽകുകയും ചെയ്തു. ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്ന് കാണിച്ച് കെ.എസ്.ഇ.ബി. അധികൃതർക്ക് പരാതി നൽകി. ഇടിമിന്നൽ കാരണം ഉണ്ടായതാകാം എന്ന് കെ.എസ്.ഇ.ബി വിലയിരുത്തിയെങ്കിലും ബില്ലടയ്ക്കാനായിരുന്നു നിർദേശം. അടയ്ക്കാൻ കഴിയാതെ വന്നതോടെ വീട്ടിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചു. തുടർന്ന് ആറ്റിങ്ങൽ ഓഫിസിൽ പരാതി നൽകി.
അസി. എൻജിനിയർ പരിശോധന നടത്തി 4000 രൂപ അടിയന്തരമായി അടയ്ക്കാൻ നിർദേശിച്ചു. തുക അടച്ചതിനെത്തുടർന്ന് അടുത്ത ദിവസം വൈദ്യുതി കണക്ഷൻ നൽകി. അവശേഷിക്കുന്ന 21059 രൂപയുടെ കുടിശ്ശിക സംബന്ധിച്ച് പിന്നീട് പരിശോധിക്കാമെന്ന് അധികൃതർ അറിയിച്ചു. തുകയും പലിശയും ചേർത്ത് 35308 രൂപ 15 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി. നോട്ടീസ് നൽകി.
2017 ഡിസംബർ 28ന് രവീന്ദ്രൻ പിള്ള ജില്ല ഉപഭോക്തതർക്ക പരിഹാര കമീഷനിൽ പരാതി നൽകി. പത്താം ക്ലാസ് വരെ മാത്രം പഠിച്ച കൃഷിപ്പണിക്കാരനായ രവീന്ദ്രൻ പിള്ള സ്വന്തമായാണ് വാദിച്ചത്. കെ.എസ്.ഇ.ബി.ക്കുവേണ്ടി അഭിഭാഷകൻ ഹാജരായി. ഉപഭോക്ത്യ തർക്കപരിഹാര കമീഷൻ പ്രസിഡന്‍റ് പി.വി. ജയരാജൻ, അംഗങ്ങളായ പ്രീത ജി. നായർ, വി.ആർ. വിജു എന്നിവരാണ് വാദം കേട്ട് ജൂൺ 22ന് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

