ഡി.എ വിവാദം; കെ.എസ്.ഇ.ബിയിൽ ഇന്ന് വീണ്ടും ഡയറക്ടർ ബോർഡ് യോഗം
text_fieldsകെ.എസ്.ഇ.ബി
തിരുവനന്തപുരം: കെ.എസ്.ഇബി ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും 2022 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള 31 മാസത്തെ കുടിശിക വിതരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വീണ്ടും ഡയറക്ടർ ബോർഡ് യോഗം ചേരും. കുടിശ്ശിക ആഗസ്റ്റ് മാസം കൊടുക്കണമെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
എന്നാൽ ഇത് അവഗണിച്ച് ഒക്ടോബർ മുതൽ കൊടുക്കാൻ ശിപാർശ ചെയ്യുകയായിരുന്നു കഴിഞ്ഞ മാസം 27ലെ ഡയറക്ടർ ബോർഡ് യോഗം. ഇത് വിവാദമായതോടെയാണ് ഉത്തരവ് പുന:പരിശോധിക്കുന്നതിന് പുതുതായി ചുതലയേറ്റ സി.എം.ഡിയുടെ അധ്യക്ഷതയിൽ ഇന്ന് വീണ്ടും ഫുൾ ടൈം ഡയറക്ടർമാരുടെ യോഗം ചേരുക.
കഴിഞ്ഞ യോഗത്തിലെ ഉത്തരവ് വിവാദമാകുകയും കോടതി അലക്ഷ്യകേസിലെത്തുകയും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്ത സാഹചര്യത്തിൽ കുടിശിക ആഗസ്റ്റ് മുതൽ അനുവദിച്ച് പ്രശ്നം പരിഹരിക്കുമെന്ന സൂചനയാണുള്ളത്.
നേരത്തെ നടന്ന ഫുൾ ബോർഡ് യോഗങ്ങളിൽ സർക്കാരിന്റെ അംഗീകാരം ഇല്ലെന്ന കാരണം പറഞ്ഞ് 2024 ലെ ഉത്തരവ് പ്രകാരമുള്ള കുടിശിക കൊടുക്കുന്നതിനെ സർക്കാർ പ്രതിനിധികൾ എതിർക്കുന്നതു കൊണ്ടാണ് തുക വിതരണം ചെയ്യാൻ കഴിയാത്തതെന്നായിരുന്നു കെ.എസ്. ഇ. ബി കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഡി.എ കുടിശ്ശികയുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഉന്നയിച്ച വാദങ്ങൾ തള്ളിയുമാണ് തുക ആഗസ്റ്റിൽ കൊടുക്കാനുള്ള ഇടക്കാല ഉത്തരവ് വന്നത്.
അതേസമയം ആഗസ്റ്റ് മുതൽ കുടിശിക അനുവദിക്കുന്നത് പരിഗണിക്കുമെന്ന് സി.എം.ഡി ഉറപ്പു നൽകിയതായും മറിച്ചാണ് തീരുമാനമെങ്കിൽ കോടതി അലക്ഷ്യ നടപടികൾക്കൊപ്പം കെ.എസ്.ഇ.ബി ആസ്ഥാനത്ത് ആരംഭിച്ച പ്രക്ഷോഭ പരിപാടികൾ സംസ്ഥാന വ്യാപകമാക്കുമെന്നും പെൻഷനേഴ്സ് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
31 മാസത്തെ കുടിശികതുക വിതരണം സംബന്ധിച്ച കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പെൻഷനേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പെൻഷൻകാർ കഴിഞ്ഞ ദിവസം വൈദ്യുതി ഭവനിലേക്ക് മാർച്ചും പ്രതിഷേധസംഗമവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

