വിദേശവനിതകളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsസെയ്ദ് അലി
തിരുവനന്തപുരം: കോവളം ബീച്ചിൽനിന്ന് വിദേശ വനിതകളുടെ മൊബൈൽ ഫോണുകളും ബാഗും മോഷ്ടിച്ചയാളെ പൊലീസ് പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി അലി എന്ന സെയ്ദ് അലിയെയാണ് (19) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 11ന് കോവളം ബീച്ചിൽ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനായി വന്ന വിദേശവനിതകളുടെ വിലപിടിപ്പുള്ള രണ്ട് മൊബൈൽ ഫോണുകളും ബാഗും പ്രതി മോഷ്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോവളം എസ്.എച്ച്.ഒ രൂപേഷ് രാജ്, എസ്.ഐ ഗംഗാപ്രസാദ്, സി.പി.ഒമാരായ ഷിജു, ശ്യാംകൃഷ്ണൻ, രാജേഷ്, ബാബു, ബിജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

