വൈദ്യുതാഘാതമേറ്റ് പിതാവും മകനും മരിച്ച സംഭവം: മന്ത്രി വി. ശിവൻകുട്ടി വീട് സന്ദർശിച്ചു
text_fieldsവൈദ്യുതാഘാതമേറ്റ് മരിച്ച അപ്പുക്കുട്ടന്‍റെയും മകൻ റെനിലിന്‍റെയും വീട്ടിലെത്തിയ മന്ത്രി വി. ശിവൻകുട്ടി
കുടുംബാംഗങ്ങളോട് കാര്യങ്ങൾ ചോദിച്ചറിയുന്നു
കോവളം: ചൊവ്വരയിൽ 110 കെ.വി ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് പിതാവും മകനും മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വീട് സന്ദർശിച്ചു. മരിച്ച അപ്പുക്കുട്ടന്റെ ഭാര്യയെയും മക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു.
അപ്പുക്കുട്ടന്റെ ഭാര്യ സരസം, മക്കളായ റെജി, ജിജി എന്നിവരെയാണ് മന്ത്രി കണ്ടത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെ രോഗിയായ ഭാര്യക്ക് നൽകുന്നതിനായി തെങ്ങിൽനിന്നും ഇളനീർ അടക്കാൻ ശ്രമിക്കുന്നതിനിടെ കൈയിലിരുന്ന തോട്ടി വഴുതി സമീപത്തെ 110 ലൈനിൽ തട്ടിയാണ് ചൊവ്വര പുതുവൽ വീട്ടിൽ ജി. അപ്പുക്കുട്ടന് വൈദ്യുതാഘാതമേറ്റത് . പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകൻ റിനിലിനും വൈദ്യതാഘാതമേൽക്കുയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
നാടിനെ നടുക്കിയ ദുരന്തമറിഞ്ഞ് ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ മന്ത്രി ശിവൻകുട്ടി അപ്പുക്കുട്ടന്‍റെ മൂത്തമകൻ റെജിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവിടെ വെച്ചുതന്നെ വൈദ്യുതി മന്ത്രിയുമായും കലക്ടറുമായും ഫോണിൽ സംസാരിച്ച മന്ത്രി നെയ്യാറ്റിൻകര തഹസിൽദാർ വഴി റിപ്പോർട്ട് വാങ്ങി മരണപ്പെട്ടവരുടെ കുടുംബത്തിന് പരമാവധി സഹായം നൽകാൻ ശ്രമിക്കണമെന്ന് കലക്ടറോട് പറഞ്ഞു.
സി.പി.എം കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ദീപു, പ്രദീപ്, പാർട്ടി ഏരിയ കമ്മിറ്റി അംഗം കെ.എസ്. സജി, കോട്ടുകാൽ ലോക്കൽ സെക്രട്ടറി എൻ. ബിനുകുമാർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.