കൂടങ്കുളം: ഉപയോഗശൂന്യമായ ഇന്ധനം പ്ലാൻറിൽ സൂക്ഷിക്കുന്നതിനെതിരെ തമിഴ്നാട് സ്പീക്കർ
text_fieldsനാഗർകോവിൽ: കൂടങ്കുളം ആണവനിലയത്തിൽ ഉപയോഗത്തിന് ശേഷമുള്ള ഇന്ധനത്തിെൻറ അവശിഷ്ടങ്ങൾ നിലവിലെ പ്ലാൻറിൽ സംരക്ഷിക്കുന്നതിനെതിരെ തമിഴ്നാട് സ്പീക്കർ എം. അപ്പാവു രംഗത്ത്. ശ്രീലങ്കയിൽ ചൈനയുടെ സാന്നിധ്യം കൂടി വരുന്നതിെൻറ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ മുന്നറിയിപ്പ്. അടുത്തിടെ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് കൂടങ്കുളം ആണവനിലയത്തിൽ നിർമാണത്തിലിരിക്കുന്ന യൂനിറ്റ് മൂന്ന്, നാല് എന്നിവയിലെ ഇന്ധനമായ സമ്പുഷ്ട യുറേനിയത്തിെൻറ ഉപയോഗശേഷമുള്ള മാലിന്യം നിലവിലെ പ്ലാൻറിനുള്ളിൽ സംരക്ഷിക്കാൻ അനുവാദം നൽകിയതിനെയും സ്പീക്കർ നിശിതമായി വിമർശിച്ചു.
ശ്രീലങ്ക ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമാണെങ്കിലും നിലവിലെ സ്ഥിതി വ്യത്യാസമാണ്. ചൈനക്ക് ശ്രീലങ്കയിലുള്ള സ്വാധീനം കൂടങ്കുളത്തിന് ആപത്താണ്. കൂടാതെ, തമിഴ് നാടിെൻറ തെക്കൻ ജില്ലകളെയും കേരളത്തെയും ഇത് സാരമായി ബാധിക്കും. കൂടാതെ, ഐ.എസ്.ആർ.ഒ യുടെ സഹോദര സ്ഥാപനം മഹേന്ദ്രഗിരിയിലാണുള്ളത്. ഇക്കാരണത്താൽ കേന്ദ്ര സർക്കാർ ഇന്ധനത്തിെൻറ അവശിഷ്ടങ്ങളെ കർണാടകയിൽ കോളാറിലുള്ള ഉപയോഗ ശൂന്യമായ സ്വർണഖനി പാടങ്ങളിലോ അല്ലെങ്കിൽ രാജസ്ഥാനിലെ താർ മരുഭൂമിയിലോ നിക്ഷേപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനവാസമില്ലാത്ത സ്ഥലത്തിലാണ് ഇത്തരത്തിലുള്ള അവശിഷ്ടങ്ങൾ സംരക്ഷിക്കേണ്ടത്. കൂടാതെ, നിലവിൽ പ്രവർത്തിച്ചുവരുന്ന യൂനിറ്റ് ഒന്ന്, രണ്ട് എന്നിവയിൽ നിന്നുള്ള ഉപയോഗ ശേഷമുള്ള അവശിഷ്ടങ്ങൾ ശേഖരിച്ച് പ്ലാൻറിനുള്ളിൽ ശേഖരിക്കുന്നുണ്ട്. ഇത് എവിടെയാണ് സൂക്ഷിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് കൂടുതൽ സുതാര്യത ഉണ്ടാകണം. ഒന്നും രണ്ടും യൂനിറ്റിലുള്ള മാലിന്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള സ്ഥലം നിശ്ചയിക്കുന്നതിനുമുമ്പ് എന്തിനാണ് പ്രവർത്തനം തുടങ്ങാത്ത മൂന്നും, നാലും യൂനിറ്റിെൻറ കാര്യത്തിൽ തീരുമാനമെടുത്തത്. സ്പീക്കറുടെ നിയോജക മണ്ഡലമായ രാധാപുരത്താണ് കൂടങ്കുളം പ്ലാൻറ് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

