കിളിമാനൂർ വാഹനാപകടം: പ്രതികൾ ഇപ്പോഴും കാണാമറയത്ത്
text_fieldsകിളിമാനൂര്‍: സംസ്ഥാനപാതയില്‍ കിളിമാനൂർ പാപ്പാലയിൽ മദ്യപസംഘം ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികരായ ഭാര്യയും പിന്നാലെ ഭർത്താവും മരിച്ച സംഭവത്തിൽ പ്രതികൾ ഇപ്പോഴും കാണാമറയത്ത്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ പോലും പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അതേസമയം, അന്വേഷണ ചുമതല വെള്ളിയാഴ്ച വൈകുന്നേരമാണ് ഏറ്റെടുത്തതെന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചുവരുന്നതായും ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ പ്രതികരിച്ചു.
കേസിൽ പ്രധാന പ്രതിയെ കേരളത്തിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ച നെയ്യാറ്റിൻകര സ്വദേശി ആദർശിനെ കഴിഞ്ഞദിവസം വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം നെയ്യാറ്റിൻകരയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി നാലിനുണ്ടായ വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിക്കെ കഴിഞ്ഞ ഏഴിന് ജില്ല അതിര്‍ത്തിയില്‍ കൊല്ലം ജില്ലയിലെ കുമ്മിൾ പഞ്ചായത്തില്‍ പുതുക്കോട് രാജേഷ് ഭവനില്‍ അംബികയും ഇക്കഴിഞ്ഞ തിങ്കളാഴ്ച ഭര്‍ത്താവ് രജിത്തും മരിച്ചു. സംഭവത്തില്‍ രജിത്തിന്‍റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
കേസെടുത്തതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും കിളിമാനൂര്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയതായി ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും മൃതദേഹവും കൊണ്ടുവന്ന് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധക്കാരിൽ പഞ്ചായത്തംഗം അഡ്വ. സിജിമോൾ അടക്കം എട്ടു പേർക്കെതിരെയും കണ്ടാലറിയുന്ന 50 പേർക്കെതിരെയും കേസെടുത്തു. അപകടത്തിന് കാരണമായ വാഹനത്തിൽ രണ്ട് സർക്കാർ ജീവനക്കാരുമുണ്ടായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു പൊലീസ് എന്ന ആരോപണം ശക്തമാണ്.
അപകടമുണ്ടാക്കിയ ജീപ്പ് തിങ്കളാഴ്ച രാത്രി പൊലീസ് സ്റ്റേഷന് സമീപം ഭാഗികമായി കത്തിയതും പൊലീസിന് നേരെയുള്ള പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. ജീപ്പ് പ്രതികൾ പൊലീസ് അറിവോടെ കത്തിച്ചതാണെന്നും ആരോപണം ഉയർന്നു.
തൊണ്ടിയായി കസ്റ്റഡിയിലുള്ള വാഹനത്തിലുണ്ടായ തീപിടിത്തം തെളിവു നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാന്നെന്ന് പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.
നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം ശക്തമായതിന് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചതുതന്നെ. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായാണ് അറസ്റ്റിലായ ആദർശിൽനിന്നുള്ള സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

