ഭൂമി കൈയേറ്റ പരാതി; സി.പി.എമ്മിനെതിരെ പുതിയ പോർമുഖം തുറന്ന് ‘കേരള’ വി.സി
text_fieldsതിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണത്തിൽ സി.പി.എമ്മിനെതിരെ പുതിയ പോർമുഖം തുറന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അടുത്തകാലംവരെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായിരുന്ന, പാളയത്തെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രം (പഴയ എ.കെ.ജി സെന്റർ) നിർമിച്ചത് കേരള സർവകലാശാല ഭൂമി കൈയേറിയാണെന്ന പരാതിയിൽ രേഖകൾ സമാഹരിച്ച് തുടർനടപടിക്ക് വി.സി ഡോ. മോഹനൻ കുന്നുമ്മൽ നീക്കം തുടങ്ങി.
സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ഗവർണർ വി.സിയിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെ ഇതുസംബന്ധിച്ച് സർവകലാശാലയിലുള്ള രേഖകൾ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാൻ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പന് വി.സി നിർദേശം നൽകി. എത്ര സ്ഥലമാണ് കൈമാറിയത്, ഇതിൽ സർവകലാശാലക്ക് നഷ്ടമുണ്ടായോ, സർവകലാശാലയുടെ ഭൂമി കൈയേറിയോ എന്നീ കാര്യങ്ങൾ പഠിച്ച് രേഖകൾ സിൻഡിക്കേറ്റ് യോഗത്തിൽ സമർപ്പിക്കാനാണ് വി.സിയുടെ ശ്രമം.
സർവകലാശാല ഭൂമി കൈയേറ്റ ആരോപണം പൊതുചർച്ചയാക്കുന്നതിലൂടെ തനിക്കെതിരെ നിലപാട് കടുപ്പിച്ച സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയാണ് വി.സിയുടെ ലക്ഷ്യം. സിൻഡിക്കേറ്റിൽ ഇടതുമേധാവിത്വമുണ്ടെങ്കിലും വി.സിയെ പിന്തുണക്കുന്ന ബി.ജെ.പി അംഗങ്ങളടക്കമുള്ളവർ വിഷയം ചർച്ചയാക്കുമെന്നതുറപ്പാണ്.
സുപ്രീം കോടതി ഉത്തരവിന് പിന്നാലെ സർക്കാർ പാനൽ തള്ളി കേരള ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സർവകലാശാലകളിൽ താൽക്കാലിക വി.സിമാർക്ക് ചാൻസലറായ ഗവർണർ വീണ്ടും നിയമനം നൽകി പോര് കടുപ്പിച്ചതിനിടെയാണ് സി.പി.എമ്മിന്റെ ആസ്ഥാന മന്ദിരവുമായി ബന്ധപ്പെട്ട പുതിയ നീക്കം.
പഴയ എ.കെ.ജി സെന്റർ നിലകൊള്ളുന്ന 55 സെന്റ് ഭൂമിയിൽ 40 സെന്റും അനധികൃതമായി കൈവശംവെച്ചിരിക്കുകയാണെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകിയത്. പകുതിയിലേറെ ഭൂമി ഇപ്പോഴും റവന്യൂ രേഖകളിൽ സർക്കാർ പുറമ്പോക്ക് ആയതിനാൽ അതിന് നികുതി അടച്ചിട്ടില്ലെന്നും സർവേ വകുപ്പിൽനിന്നും വഞ്ചിയൂർ വില്ലേജ് ഓഫിസിൽനിന്നും രേഖകൾ ലഭിച്ചതായും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ 1977 ആഗസ്റ്റ് 20ന് 15 സെന്റ് ഭൂമിയാണ് എ.കെ.ജി സെന്റർ നിർമിക്കാൻ അനുവദിച്ചതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

