കേരളീയം: ഉത്സവച്ഛായയിൽ തലസ്ഥാന നഗരി...
text_fieldsതിരുവനന്തപുരം: സെമിനാറുകളും സാംസ്കാരിക പരിപാടികളും പൂർണതോതിലായതോടെ കേരളീയത്തിന്റെ രണ്ടാംദിനം കൂടുതൽ സജീവം. വിവിധ വിഷയങ്ങളിൽ അഞ്ച് വേദികളിലായി നിറഞ്ഞ സദസ്സിലായിരുന്നു സെമിനാറുകൾ നടന്നത്. വൈകീട്ട് ദീപാലങ്കാരം കാണാൻ വൻജനാവലിയാണ് നഗരത്തിലെത്തിയത്. കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോർ തിയറ്റർ, സെക്രട്ടേറിയറ്റ്, അനക്സ്, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്, നായനാർ പാർക്ക് എന്നീ വേദികൾ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുത ദീപങ്ങളാലാണ് അലങ്കരിച്ചിട്ടുള്ളത്.
കുട്ടികളെ ആകർഷിക്കുന്നതിനായി മ്യൂസിയത്തിൽ മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങളാണുള്ളത്. സെക്രട്ടേറിയറ്റിന്റെ നിർമാണ ചാരുത വിളിച്ചറിയിക്കുന്നതരത്തിൽ വിവിധ നിറങ്ങളിൽ വെളിച്ചം സമന്വയിപ്പിച്ചാണ് ദീപാലങ്കാരം. സെൻട്രൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ബലൂണുകൾ രാത്രിക്കാഴ്ചക്ക് കൂടുതൽ ഭംഗി പകരുകയാണ്. പുത്തരിക്കണ്ടത്തെ നായനാർ പാർക്കിൽ വിവിധതരം പൂക്കളുടെ ആകൃതിയിലാണ് ദീപാലങ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഹരിതചട്ടം പാലിച്ചാണ് ക്രമീകരണങ്ങളെല്ലാം. വേദികൾ, സ്റ്റാളുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ബാനറുകളും നിർദേശ ബോർഡുകളും ഹോർഡിങ്ങുകളും തുണി, ചണം മുതലായ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
ഫുഡ് സ്റ്റാളുകളിൽനിന്ന് ആഹാരം പാർസൽ നൽകുന്നതിന് പ്രകൃതി സൗഹൃദ പാത്രങ്ങൾ, സഞ്ചികൾ എന്നിവ ഉപയോഗിക്കണം, ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് അതത് സ്റ്റാളുകളിൽ ഉടമകൾതന്നെ പ്രത്യേകം ബിന്നുകൾ സ്ഥാപിക്കണം തുടങ്ങി ഗ്രീൻ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട നിരവധി മാർഗനിർദേശങ്ങൾ സമിതി നേരത്തേതന്നെ നൽകിയിരുന്നു.
വേദികൾ നിറഞ്ഞ് കലാകേരളം
തിരുവനന്തപുരം: പ്രൗഢമായ സദസ്സിന് മുന്നിൽ 16 വേദികളിലായി കലയുടെ വൈവിധ്യം പ്രദർശിപ്പിച്ച് കലാകേരളം. കേരളീയം രണ്ടാം ദിനത്തിൽ വിവിധ വേദികളിലായി അരങ്ങേറിയ വ്യത്യസ്തമാർന്ന കലാപ്രകടനങ്ങൾ ആസ്വദിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ജി.എസ്. പ്രദീപും മുകേഷ് എം.എൽ.എയും ചേർന്ന് അവതരിപ്പിച്ച കേരളപ്പെരുമ വ്യത്യസ്തമായ അനുഭവമായി.
കേരളം വളരുന്നു എന്ന ആശയത്തിൽ ഡോ. നീനാപ്രസാദ് അവതരിപ്പിച്ച നൃത്ത പരിപാടി നിശാഗന്ധിയിൽ അരങ്ങേറി. ടാഗോർ തിയറ്ററിൽ പാരീസ് ലക്ഷ്മിയും രൂപ രവീന്ദ്രനും ചേർന്ന് അവതരിപ്പിച്ച ‘നമ്മുടെ കേരളം’, അംബിക നായരും സംഘവും അവതരിപ്പിച്ച കേരളനടനം എന്നിവ കാണികൾക്ക് ദൃശ്യവിരുന്നായി. പുത്തരിക്കണ്ടം മൈതാനിയിൽ അലോഷിയുടെ മെഹ്ഫിൽ, സെനറ്റ് ഹാളിൽ തുഞ്ചൻ പറമ്പിലെ തത്ത എന്ന പേരിലുള്ള ഗാനസന്ധ്യ എന്നിവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

