
കേരള ബാങ്ക് എ.ടി.എം കവർച്ച: പണം മോഷ്ടിച്ചത് തുണിവാങ്ങാൻ, പ്രതികളെ പിടികൂടിയത് അതിവിദഗ്ധമായി
text_fieldsതിരുവനന്തപുരം: കേരള ബാങ്കിലെ എ.ടി.എം കവർച്ചയുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെയും ദിവസങ്ങൾക്കുള്ളിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് പിടികൂടിയത് അതിവിദഗ്ധമായി. കിഴക്കേകോട്ടയിലെയും നെടുമങ്ങാട്ടെയും എ.ടി.എം കൗണ്ടറുകളിൽ നിന്നുമായി 2,65,000 തട്ടിയെടുത്തെന്ന പരാതിയുമായാണ് കേരള ബാങ്ക് അധികൃതർ പൊലീസിനെ സമീപിച്ചത്.
തുടർന്ന്, സൈബർ ക്രൈം ഇൻസ്പെക്ടർ സിജു കെ.എൽ. നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തെ സംഘത്തെ നിയോഗിച്ചാണ് കോയമ്പത്തൂരിലെ തിരുപ്പൂരിലെ ഹോട്ടലിൽനിന്ന് മൂന്ന് പ്രതികളെയും പിടികൂടിയത്.
നഗരത്തിലെ പൊലീസിെൻറ നിരീക്ഷണ കാമറകളിൽ പലതും മിഴിയടച്ചിരിക്കെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അതിനൂതന നിരീക്ഷണ കാമറകളാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. കിഴക്കേകോട്ടയിലെ എ.ടി.എം കൗണ്ടറിലെ കാമറയിൽനിന്ന് മാസ്ക് ധരിച്ച പ്രതികളുടെ വ്യക്തമല്ലാത്ത ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.
തുടർന്നാണ് ക്ഷേത്രസുരക്ഷക്കായി സ്ഥാപിച്ച കാമറകളിൽ നിന്ന് വിഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചത്. പണം പിൻവലിച്ച സമയവുമായി ബന്ധപ്പെടുത്തി നടത്തിയ പരിശോധനയിൽ എം.ടി.എം കൗണ്ടറിലെ കാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുമായി ഒത്തുപോകുന്ന വിഡിയോ ദൃശ്യങ്ങൾ സൈബർ സംഘത്തിന് ലഭിച്ചു. പണം പിൻവലിക്കാനായി ഇവർ എത്തിയ വാഹനത്തിെൻറ നമ്പർ കാമറയുടെ സഹായത്തോടെ ലഭിച്ചു.
തുടർന്ന്, ടാക്സി ഡ്രൈവറെ വിളിച്ചുവരുത്തി മൂവരുടെയും വിവരങ്ങൾ ശേഖരിച്ചു. മൂവരെയും കുന്നുകുഴിയിലെ ഹോട്ടലിൽ എത്തിച്ചതായി ഡ്രൈവർ അറിയിച്ചു. തുടർന്ന്, ഹോട്ടലിലെത്തിയാണ് പ്രതികളുടെ വിവരം ശേഖരിച്ചത്
മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവർ കോയമ്പത്തൂരിലെ തിരുപ്പൂരിൽ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് രണ്ട് ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ഹോട്ടൽ മുറിയിൽ നിന്ന് അതിസാഹസികമായി മൂവരെയും പൊലീസ് പിടികൂടി.
മോഷ്ടിച്ച പണവുമായി തിരൂപ്പൂരിൽനിന്ന് തുണികൾ വാങ്ങി ഓണക്കാലത്ത് കച്ചവടം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്ന് അമ്പതോളം വരുന്ന വ്യാജ എ.ടി.എം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. എസ്.ഐ എസ്.ബിജു, എ.എസ്.ഐമാരായ ഷിബു, സുനിൽകുമാർ, പൊലീസുകാരായ സുബീഷ്, വിനീഷ്, ബെന്നി, ശ്യാംരാജ്, സമീർഖാൻ, ഡബ്ല്യു,സിപി.ഒ മായ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മൂന്ന് പ്രതികളെയും നാളെ കാസർകോട് എത്തിച്ച് തെളിവെടുക്കും
വ്യാജ എ.ടി.എം കാർഡുകൾ ഉപയോഗിച്ച് കേരള ബാങ്കിലെ എ.ടി.എമ്മുകളിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതികളെ ബുധനാഴ്ച കാസർകോട് എത്തിച്ച് തെളിവെടുക്കും. കാസർകോട് രാംദാസ് നഗർ നൗഫിറ മൻസിലിൽ മുഹമ്മദ് നുഅ്മാൻ (37), കാസർകോട് തളങ്കര മിസിരിയ ഹൗസിൽ അബ്ദുൽ സമദാനി(32), കാസർകോട് മധൂർ സ്വദേശി നജീബ് (28) എന്നിവരെയാണ് വീടുകളിൽ എത്തിച്ച് തെളിവെടുക്കുന്നത്.
ഇവർക്കെതിരെ കേരളത്തിെൻറ പല ജില്ലകളിലും എ.ടി.എം തട്ടിപ്പിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ ബാങ്കുകളിലെ വ്യാജ എ.ടി.എം കാർഡുകൾ ഉപയോഗിച്ച് കേരള ബാങ്കിെൻറ കിഴക്കേകോട്ടയിലെയും നെടുമങ്ങാട്ടെയും എ.ടി.എം കൗണ്ടറുകളിൽനിന്ന് 2,65,000 രൂപ തട്ടിയെടുത്തതായാണ് ബാങ്കിെൻറ പരാതി. എന്നാൽ ഏകദേശം ആറര ലക്ഷത്തോളം രൂപ ബാങ്കിെൻറ ആസ്തിയിൽ നിന്ന് നഷ്ടപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലെ അക്കൗണ്ട് ഉടമകളുടെ കാർഡ് വിവരങ്ങൾ ശേഖരിച്ച ശേഷം അവ ഡീകോഡ് ചെയ്തായിരുന്നു തട്ടിപ്പ്.
കേരള ബാങ്കിന്റെ എ.ടി.എം കൗണ്ടറുകളിൽ ചിപ്പ് ഇല്ലാത്ത എ.ടി.എം ഉപയോഗിച്ചും പണം പിൻവലിക്കാം. ഇത് മനസ്സിലാക്കിയാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. സാധാരണഗതിയിൽ എ.ടി.എം ഉപയോഗിക്കുമ്പോൾ അക്കൗണ്ടിൽ പണം ഉണ്ടോയെന്ന് പരിശോധിച്ചശേഷമാണ് പണം പിൻവലിക്കാൻ സാധിക്കുന്നത്. എന്നാൽ കേരള ബാങ്കിലെ സോഫ്റ്റ്വെയറിലെ അപാകതയെ തുടർന്ന് വ്യാജ എ.ടി.എം ഉപയോഗിച്ച് നടത്തിയ ഇടപാടിലൂടെ കൂടുതൽ പണം ബാങ്ക് അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
