പീഡനക്കേസ്: അദാനി ഗ്രൂപ് മുൻ ചീഫ് ഓഫിസർ അറസ്റ്റിൽ
text_fieldsകഴക്കൂട്ടം: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി അദാനി ഗ്രൂപ് വിമാനത്താവളം മുൻ ചീഫ് ഓഫിസർ ജി. മധുസൂദന റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മധുസൂദന റാവുവിന് ജാമ്യം ലഭിച്ചു.
വ്യാഴാഴ്ച രാവിലെ തുമ്പ പൊലീസ് സ്റ്റേഷനിൽ ഹാജരായ മധുസൂദന റാവുവിനെ ചോദ്യംചെയ്ത ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അഭിഭാഷകൻ മുഖേനയാണ് റാവു അന്വേഷണ ഉദ്യോഗസ്ഥനായ തുമ്പ ഇൻസ്പെക്ടർ ശിവകുമാറിനു മുന്നിൽ ഹാജരായത്. വൈദ്യപരിശോധനക്കും ഫോറൻസിക് പരിശോധനക്കും ശേഷം കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ നാലിന് മധുസൂദന റാവു സഹപ്രവർത്തകയെ ആക്കുളത്തെ ഫ്ലാറ്റിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. തുടർന്ന് മധുസൂദന റാവു മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി ജാമ്യം നേടാനും ഹൈകോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുമ്പ പൊലീസിൽ ഹാജരായത്.

