തെളിവെടുപ്പിനിടെ വീണ്ടും കുറ്റകൃത്യം ചെയ്യുമെന്ന് പ്രതി
text_fieldsലിയോൺ ജോൺസനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുക്കുന്നു
കഴക്കൂട്ടം: തെളിവെടുപ്പിനിടെ വീണ്ടും കുറ്റം ചെയ്യുമെന്ന് പൊലീസിനോട് വെളിപ്പെടുത്തി കുപ്രസിദ്ധ കുറ്റവാളി കഴക്കൂട്ടം തുമ്പ സ്വദേശി ലിയോൺ ജോൺസൺ. എം.ഡി.എം.എ കടത്തിയ കേസിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുന്നതിനിടെയാണ് ലിയോൺ ജോൺസൺ ബോംബെറിയുമെന്നും മറ്റും പൊലീസ് സംഘത്തോട് പറഞ്ഞത്.
ലിയോൺ മുതലപ്പൊഴി വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ഈ കേസിൽ ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ വീട്ടിൽ എം.ഡി.എം.എ സൂക്ഷിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
നെഹ്റു ജങ്ഷനിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ തുമ്പ പൊലീസ് ലിയോണിനെയും കഴക്കൂട്ടം സ്വദേശി വിജേഷിനെയും പിടികൂടിയിരുന്നു. വധശ്രമം, ബോംബേറ്, കഞ്ചാവ്, അടിപിടി തുടങ്ങിയ കേസുകളിലെ പ്രതിയാണ് ലിയോൺ. 2022 ഏപ്രിലിൽ തുമ്പയിൽ രാജൻ ക്ലീറ്റസിന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിൽ ലിയോൺ പിടിയിലായിരുന്നു. മാസങ്ങൾക്ക് മുമ്പ് കാപ്പ കേസ് ചുമത്തി ജയിലിലടച്ചിരുന്നു. പുറത്തിറങ്ങിയശേഷം ആയുധങ്ങളുമായി കഠിനംകുളം പൊലീസ് പിടികൂടുകയായിരുന്നു.