പള്ളിത്തുറയിൽ വൻ ലഹരി വേട്ട
text_fieldsതിരുവനന്തപുരം പള്ളിത്തുറയിൽ പിടികൂടിയ കഞ്ചാവ് പൊതികൾ
കഴക്കൂട്ടം: തിരുവനന്തപുരം പള്ളിത്തുറയിൽ വൻ ലഹരി വേട്ട. പള്ളിത്തുറ നെഹ്റു ജങ്ഷനിലെ വാടക വീട്ടിൽനിന്നും കാറിൽനിന്നുമായി 155 കിലോഗ്രാം കഞ്ചാവും 61 ഗ്രാം എം.ഡി.എം.എയും പിടികൂടി. നാലുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
കഠിനംകുളം സ്വദേശി ജോഷോ (24) വലിയവേളി സ്വദേശികളായ കാർലോസ് (34),ഷിബു (20) , അനു ആന്റണി (34) എന്നിവരാണ് പിടിയിലായത്. വിശാഖപട്ടണത്തുനിന്ന് കാർ മാർഗമാണ് ലഹരിവസ്തുക്കൾ എത്തിച്ചത്. കാറിനുള്ളിൽ 62 പൊതികളും വീട്ടിലെ അലമാരയിൽ 10 പൊതികളുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളുടെ വസ്ത്രങ്ങളിൽ സൂക്ഷിച്ചനിലയിലായിരുന്നു എം.ഡി.എം.എ. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. വീട്ടിലെതാമസക്കാരായ പ്രതികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് എത്തിക്കുന്നതായി വിവരം ലഭിച്ചത്
തുടർന്ന് കാർ പിന്തുടർന്നാണ് കഞ്ചാവ് പിടികൂടിയത്. ഏകദേശം 75 ലക്ഷം രൂപ വില വരുന്ന കഞ്ചാവും, രണ്ടു ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമാണ് പിടികൂടിയത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.അറസ്റ്റിലായ പ്രതികളെല്ലാം മത്സ്യത്തൊഴിലാളികളാണ്. എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.എ. സലിം, തിരുവനന്തപുരം നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനുവേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.