മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ
text_fieldsമംഗലപുരം : മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ വെട്ടിപ്പരിക്കേൽപിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്തവട്ടം ക്ഷേത്രത്തിനു സമീപം കടയിൽ വീട്ടിൽനിന്ന് കുട്ടൻ എന്ന ശ്രീലാലിനെയാണ് (38) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വെയിലൂർ ശാസ്തവട്ടം പുറമ്പോക്കിൽ വീട്ടിൽ ചെല്ലയ്യനെയാണ് പ്രതി വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ ശ്രീലാൽ റോഡിൽ കിടന്ന് അസഭ്യം പറയുകയും മൈക്ക് സെറ്റ് കെട്ടിക്കൊണ്ടുനിന്ന യുവാവിനെ മർദിക്കുകയും ചെയ്തു. ഇതുകണ്ട ചെല്ലയ്യൻ ശ്രീലാലിനെ പറഞ്ഞു വിലക്കിയതിന്റെ ദേഷ്യത്തിലാണ് വെട്ടിയത്. ശ്രീലാൽ സഹോദരിയെ വെട്ടിയ കേസിലെയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.