കഴക്കൂട്ടം ആവേശമുറ്റം;നിരത്ത് നിറഞ്ഞ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം
text_fieldsകഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർഥി ശരത്ചന്ദ്ര പ്രസാദിന്റെയും ഇടത് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം
കഴക്കൂട്ടം: ആഴ്ചകളോളം നീണ്ട പ്രചാരണത്തിന് ആവേശകരമായ സമാപനം കുറിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ മൂന്നു മുന്നണികളും. ഇടതുമുന്നണി സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലിയും, വർണശബളമായ റോഡ് ഷോയും അകമ്പടിയാക്കി കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ശ്രീകാര്യം ജംഗ്ഷനിലെത്തിയ ശേഷം, ശ്രീകാര്യം ജംഗ്ഷനിലാണ് കൊട്ടിക്കലാശത്തിന്റെ സമാപനം നടന്നത്. ആയിരത്തിലധികം പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ആവേശഭരിതമായിരുന്നു മുഴുവൻ യാത്രയും.
ഡി.ജെയും ന്യൂജെൻ പ്രദർശനങ്ങളും ഉൾപ്പെടുത്തിയ വ്യത്യസ്തമായ കലാശകൊട്ട് മണ്ഡലത്തിൽ ശ്രദ്ധേയമായി. കഴക്കൂട്ടത്ത് നിന്നും നിരവധി വാഹനങ്ങൾ റോഡ് ഷോ ആയി ശ്രീകാര്യം ജംഗ്ഷനിലെത്തിയാണ് എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരന്റെ കൊട്ടിക്കലാശത്തിന്റെ സമാപനം നടന്നത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കഴക്കൂട്ടം ജംഗ്ഷനിൽ ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ശരത്ചന്ദ്രപ്രസാദിന്റെ കൊട്ടിക്കലാശം. എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ ശ്രീകാര്യത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിൽ കയറിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി കഴക്കൂട്ടം ജംഗ്ഷൻ വഴി ക്രൈയിനിൽ യാത്ര ചെയ്തായിരുന്നു വ്യത്യസ്തനായത്. എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ കൊട്ടിക്കലാശത്തിൽ മൂന്നു മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ശ്രീകാര്യം വഴി തിരുവനന്തപുരത്തേക്ക് പോകേണ്ട യാത്രക്കാരാണ് പൂർണമായും വഴിയിൽ അകപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

