മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെട്ടു; ഒരാളെ കാണാതായി, നിരവധി പേർക്ക് പരിക്ക്
text_fieldsഅപകടത്തിൽപ്പെട്ട വള്ളം
കഴക്കൂട്ടം: തുമ്പ പള്ളിത്തുറയിലും മര്യനാടും വള്ളങ്ങൾ മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറോടെ മര്യനാട് തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിൽ എട്ട് മത്സ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവർ നീന്തി രക്ഷപ്പെട്ടു.
ഇതിൽ മൂന്ന് പേർക്കാണ് നിസാര പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രുഷ നൽകി വിട്ടയച്ചു. മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 10 ഓടെ തുമ്പ കടപ്പുറത്തും സമാന രീതിയിൽ വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ കാണാതാവുകയും നാല് പേർ നീന്തി രക്ഷപ്പെടുകയും ചെയ്തു. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൻസ് (65) നെയാണ് കാണാതായത്. ഇയാൾക്കായി മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും കോസ്റ്റ് ഗാർഡും തീർച്ചിൽ തുടരുകയാണ്.
തുമ്പ സ്വദേശികളായ ജലാസ്തിൻ ബാബു (52), മാത്യു ആൽബി (48), രാജു (55), ജോർജുകുട്ടി (62) എന്നിവരാണ് നീന്തി രക്ഷപ്പെട്ട് എത്തിയത്. തുമ്പ സ്വദേശി ജോസഫ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ജിജിൻ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട വള്ളം കരക്കെത്തിച്ചു. കാണാതായ മത്സ്യ തൊഴിലാളിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെങ്കിലും ശക്തമായ തിരമാലകൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായി.