ബിയർ പാർലറിൽ സംഘർഷം; നാലുപേർക്ക് കുത്തേറ്റു
text_fieldsകഴക്കൂട്ടത്ത് അക്രമം നടന്ന ബിയർ പാലർലറിൽ ഫോറൻസിക് പൊലീസ് സംഘം പരിശോധന നടത്തുന്നു
കഴക്കൂട്ടം: കഴക്കൂട്ടത്ത് ബിയർ പാലർലറിനുള്ളിൽ സംഘർഷം; നാലുപേർക്ക് കുത്തേറ്റതിൽ രണ്ടുപേരുടെ നില ഗുരുതരം. ശ്രീകാര്യം അലത്തറ സ്വദേശികളായ സൂരജ്, സ്വരൂപ്, ആക്കുളം സ്വദേശി വിശാഖ്, ശ്രീകാര്യം സ്വദേശി ഷാലു എന്നിവർക്കാണ് കുത്തേറ്റത്. രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും രണ്ടുപേർ മെഡിക്കൽ കോളജിലും ചികിത്സയിലാണ്. പത്തംഗസംഘമാണ് അക്രമത്തിന് പിന്നിലെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കുറിച്ചി കഠിനംകുളം മണക്കാട്ടില് വീട്ടിൽ ഷമീം (34), കല്ലമ്പലം ഞാറയിൽകോണം കരിമ്പുവിള വീട്ടില് അനസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ദേശീയപാതയിൽ ടെക്നോപാർക്കിന് എതിർവശത്തെ ബിയർ പാർലറിൽ ശനിയാഴ്ച രാത്രി 11.45 ഓടെയിയുന്നു സംഭവം. സംഘത്തിൽ ഉണ്ടായിരുന്ന അക്ബറിന്റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു പ്രതികൾ. ഇതിനിടയിൽ കൗണ്ടറിൽ മദ്യപിച്ചുകൊണ്ടിരുന്ന ഏഴംഗസംഘവും പ്രതികളുമായി വാക്കേറ്റം ഉണ്ടാവുകയും കത്തികൊണ്ട് ഏഴംഗസംഘത്തിലെ നാലുപേരെ മൃഗീയമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കഴക്കൂട്ടം പൊലീസ് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പൊലീസ്, ഫോറൻസിക്, എക്സൈസ് സംഘം സ്ഥലത്ത് പരിശോധനനടത്തി. കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർ ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കഴക്കൂട്ടം പോലീസ് പറഞ്ഞു. രാത്രി 11ന് ശേഷം മദ്യക്കച്ചവടം നടത്തിയതായി തെളിഞ്ഞാൽ ലൈസൻസ് ഉൾപ്പെടെ റദ്ദ് ചെയ്യുന്ന നടപടികൾ സ്വീകരിക്കുമെന്ന് കഴക്കൂട്ടം എക്സൈസ് പറഞ്ഞു.

