ചായ കുടിക്കാനെത്തിയ ഗൃഹനാഥനും മകനും തട്ടുകടക്കാരന്റെ മർദനം
text_fieldsകഴക്കൂട്ടം: ചായ കുടിക്കാനെത്തിയ ഗൃഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട ഉടമ മർദിച്ചു. കഠിനംകുളം പെരുമാതുറ ചേരമാൻതുരുത്ത് സ്വദേശി സമീർ (43), മകൻ പ്ലസ് വൺ വിദ്യാർഥി സഅദി സമി (18) എന്നിവർക്കാണ് മർദനമേറ്റത്. കഴക്കൂട്ടം ദേശീയപാതയോരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് മർദിച്ചത്.
ചുണ്ടിനും വലതു കൈക്കും പരിക്കേറ്റ സമീർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഭാര്യക്കൊപ്പം സമീർ വീട്ടിലേക്ക് മടങ്ങവേ ചായ കുടിക്കാൻ നാസിമുദ്ദീന്റെ തട്ടുകടയിൽ എത്തി.
ലഭിച്ച ചായ മോശമാണെന്നും വേറൊന്ന് വേണമെന്നും സമീർ ആവശ്യപ്പെട്ടു. ഇതേചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസ് എത്തി പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സമീറിന്റെ പരാതിയിൽ നാസിമുദ്ദീനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. തട്ടുകടയുടെ മുന്നിൽ പാർക്ക് ചെയ്തതിന് ഡ്രൈവറെ അസഭ്യം വിളിക്കുകയും ആംബുലൻസിന്റെ ടയർ കുത്തിക്കീറുകയും ചെയ്തതിനും കേസെടുത്തു. നാസിമുദ്ദീനും കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.

