Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightപാര്‍ക്കുകളിലെ...

പാര്‍ക്കുകളിലെ വന്യമൃഗങ്ങള്‍ ചത്തൊടുങ്ങുന്നു

text_fields
bookmark_border
man park
cancel
camera_alt

മാന്‍ പാര്‍ക്കില്‍ മാനുകള്‍

കാട്ടാക്കട: കോവിഡി​െൻറ രണ്ടാം വരവിനെതുടര്‍ന്ന് അടച്ചിട്ട വനം- വന്യജീവി വകുപ്പി​െൻറ പാര്‍ക്കുകളിലെ വന്യമൃഗങ്ങള്‍ ഓരോന്നായി ചത്തൊടുങ്ങുന്നു. രണ്ടുമാസത്തിനുള്ളില്‍ സിംഹവും കുട്ടിയാനയും പതിനഞ്ചിലേറെ മാനുകളുമാണ് ചത്തത്.

നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്കിലെ സിംഹങ്ങളെല്ലാം ചത്തതിനെതുടര്‍ന്ന് സിംഹ സഫാരി പാര്‍ക്ക് അടച്ചുപൂട്ടി. നെയ്യാര്‍ഡാം വ്ലാവെട്ടിയിലെ മാന്‍ പാര്‍ക്കിലെ മാനുകള്‍ ഓരോന്നായി ചത്തുതുടങ്ങി. ഒരു മാസത്തിനകം പാര്‍ക്കിലെ പതിനഞ്ചിലേറെ മാനുകളാണ് ചത്തത്. ഏറ്റവും ഒടുവിലായി കോട്ടൂര്‍ ഗജഗ്രാമത്തിലെ പ്രായം കുറഞ്ഞ ആനക്കുട്ടിയും കഴിഞ്ഞ ദിവസം ചരിഞ്ഞു. മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് സിംഹസഫാരി പാര്‍ക്കും മാന്‍പാര്‍ക്കും ആന പുനരധിവാസ കേന്ദ്രവും സ്ഥിതിചെയ്യുന്നത്.

കോട്ടൂർ കാപ്പുകാട് ഗജഗ്രാമത്തിലെ ഒന്നര വയസ്സുള്ള ശ്രീകുട്ടി എന്ന കുട്ടിയാനയെ തിങ്കളാഴ്ച രാവിലെ കൂട്ടിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ആനക്കുട്ടി അവശയായിരുന്നെന്നും ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന വൈറസ് ബാധിച്ചതാണ് മരണകാരണമെന്ന് വനം വകുപ്പി​െൻറ വിശദീകരണം. ഗജഗ്രാമത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശ്രീകുട്ടിയുടെ ഒന്നാം പിറന്നാള്‍ നവംബര്‍ എട്ടിന് വനം വകുപ്പി​െൻറ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കേക്കുമുറിച്ചാണ് ആഘോഷിച്ചത്.

പിറന്നാള്‍ ആഘോഷത്തിനുശേഷം സന്തോഷവതിയായ ശ്രീകുട്ടിക്ക്​ കുറേ ദിവസങ്ങളായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവത്രെ. ഇതിനിടെ ആനപാര്‍ക്കിലെ ഇരുപതിലേറെ പാപ്പാന്മാര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതിനുശേഷമാണ് ശ്രീകുട്ടിയും അസ്വസ്ഥത പ്രകടിപ്പിച്ച്​ തുടങ്ങിയതായാണ് സൂചന. ഇവിടെ കോവിഡ് ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. 21 ആനകള്‍ വരെയുണ്ടായിരുന്ന പാര്‍ക്കില്‍ ഇപ്പോള്‍ ഒമ്പത്​ കുട്ടിയാനകള്‍ ഉള്‍പ്പെടെ 16 ആനകളാണുള്ളത്. ഇന്ത്യയിലെ ആദ്യത്തെ സിംഹ സഫാരി പാര്‍ക്കില്‍ അവശേഷിച്ച സിംഹവും കഴിഞ്ഞമാസം ചത്തു. ഇതോടെയാണ് നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്ക് അടച്ചുപൂട്ടിയത്. അഞ്ച്​ ഹെക്ടറോളം വിസ്തൃതിയുള്ള ദ്വീപ് പോലുള്ള സ്ഥലത്താണ് നെയ്യാര്‍ഡാം സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കാഴ്ചക്കാര്‍ കൂട്ടിലും സിംഹങ്ങള്‍ പുറത്തുമുള്ള കാഴ്ച കാണാനായി വിദേശസഞ്ചാരികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് സഞ്ചാരികളാണ് പാര്‍ക്കിലെത്തിയത്. ഇരുമ്പഴികള്‍കൊണ്ട് സുരക്ഷിതമാക്കിയ പ്രത്യേക വാഹനത്തിലാണ് സിംഹങ്ങളെ കാണിക്കാനായി സഞ്ചാരികളെ പാര്‍ക്കിനുള്ളില്‍ എത്തിച്ചിരുന്നത്​.

1984ൽ നാല്​ സിംഹങ്ങളുമായി നെയ്യാർഡാം മരക്കുന്നത്ത് തുടങ്ങിയ പാർക്ക് ഇന്ത്യയിലെ ആദ്യത്തെ സിംഹസഫാരി പാർക്കാണ്. 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്ന പ്രതാപകാലമുണ്ടായിരുന്നു ഇവിടെ. പിന്നീട് സിംഹങ്ങളുടെ വംശവർധന തടയാന്‍ വന്ധ്യംകരണം നടത്തിത്തുടങ്ങിയതോടെയാണ് പാര്‍ക്കിന് ശനി ദശ തുടങ്ങിയത്. വന്ധ്യംകരണത്തിനുശേഷം സിംഹങ്ങള്‍ ഓരോന്നായി ചത്തുതുടങ്ങി. കോവിഡി​െൻറ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസത്തിലാണ് സഫാരി പാര്‍ക്കില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അപ്പോള്‍ പാര്‍ക്കില്‍ രണ്ട് സിംഹങ്ങളുണ്ടായിരുന്നു. ഇവ രണ്ടും ചത്തതോടെയാണ് പാര്‍ക്കിന് താഴുവീണത്. സിംഹ സഫാരി പാര്‍ക്ക് ഇപ്പോള്‍ സിംഹങ്ങളില്ലാത്ത പാര്‍ക്കായി മാറി. നെയ്യാര്‍ഡാം വ്ലാവെട്ടിയിലെ മാന്‍പാര്‍ക്കിലെ പതിനഞ്ചിലേറെ മാനുകൾക്ക്​ അണുബാധയാണ് മരണകാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.

മഴക്കാലത്ത് പാര്‍ക്കിനുള്ളില്‍ നടത്തിയ ക്ലോറിനേഷനാണ് അണുബാധയേല്‍ക്കാന്‍ കാരണമെന്നാണ് അറിയുന്നത്. അമിതമായ തോതില്‍ ബ്ലീച്ചിങ് പൗഡറി​െൻറ ഉപയോഗം മാനുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായും വിവരമുണ്ട്. മാനുകള്‍ക്ക് കുളമ്പുകള്‍ക്ക് വ്രണം വരികയും പിന്നാലെ മരണത്തിലേക്ക്​ നീങ്ങുകയുമാണ് ചെയ്യുന്നത്.1995ല്‍ ആരംഭിച്ച മാന്‍ പാര്‍ക്കില്‍ മാനുകള്‍ പെറ്റുപെരുകിയതോടെ പത്ത് വര്‍ഷം മുമ്പ്​ കുറച്ച് മാനുകളെ കാട്ടിലേക്ക്​ തുറന്നുവിട്ടു നെയ്യാര്‍ഡാം സംഭരണിയോട് ചേര്‍ന്ന് ദ്വീപുപോലുള്ള കാട്ടില്‍ 25 ഏക്കര്‍ സ്ഥലത്ത് ചുറ്റിവേലി നിര്‍മിച്ചാണ് മാന്‍ പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്.

രാവിലെയും വൈകുന്നേരവും തീറ്റ നല്‍കുന്ന സമയത്താണ് മാനുകള്‍ കൂട്ടമായെത്തുന്നത്. ഈ സമയം മാനുകളെ കാണാനായി നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്​. ആഹാരശേഷം പാര്‍ക്കിലെ പാറ അപ്പിലും സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയാത്ത ദൂരത്തില്‍ ഓടിപ്പോകുകയും ചെയ്യുന്നതാണ് പാര്‍ക്കിലെ നിലവിലെ സ്ഥിതി.

വര്‍ഷംതോറും കോടികള്‍ ചെലവിടുന്ന പാര്‍ക്കില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും വരുമാനം കൂട്ടുന്നതിനും വേണ്ടി വനം വകുപ്പ് പദ്ധതി തയാറാക്കുന്നുണ്ടെങ്കിലും ഒന്നും യാഥാർഥ്യമാകുന്നില്ല. ഇതിനിടെയാണ് മാനുകള്‍ ഓരോന്നായി ചത്തുതുടങ്ങിയത്.

Show Full Article
TAGS:wild animalsSafari park
News Summary - Wild animals in parks is dying
Next Story