മഴക്കാലപൂര്‍വ ശുചീകരണമില്ല; ഓടകൾ നിറഞ്ഞൊഴുകുന്നു
text_fieldsകാട്ടാക്കട: മഴക്കാലപൂര്‍വ ശുചീകരണ പദ്ധതികള്‍ പാളിയതോടെ മഴയാരംഭത്തിൽതന്നെ ഓടകള്‍ നിറഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകിത്തുടങ്ങി. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പട്ടണത്തില്‍ ഉള്‍പ്പെടെയുള്ള ഓടകൾ മാലിന്യവും മണ്ണും നിറഞ്ഞ് അടഞ്ഞതോടെ ചെറിയ മഴയിൽപോലും റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് യാത്ര ദുരിതമാക്കുന്നു.
കിള്ളി-തൂങ്ങാംപാറ റോഡിലൂടൊഴുകിയെത്തുന്ന വെള്ളം തിരുവനന്തപുരം റോഡ് തിരിയുന്നഭാഗത്താണ് കെട്ടിനിൽക്കുന്നത്. പലപ്പോഴും ഈ വെള്ളം വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമൊക്കെ ഒഴുകി നിറയുകയാണ്. സ്ഥിരമായുള്ള വെള്ളക്കെട്ട് കാരണം പല വീടുകളുടെയും ചുറ്റുമതിൽ ഉൾപ്പെടെ ഇടിഞ്ഞുവീഴുന്നു.
വീട്ടുകാർക്ക് പുറത്തിറങ്ങാനും ബുദ്ധിമുട്ടുണ്ടാകുന്നു. മണ്ണും മാലിന്യവും അടിഞ്ഞ് ഓട അടഞ്ഞതോടെയാണ് മഴവെള്ളം റോഡിൽ നിറയുന്നത്. റോഡ് നവീകരണം നടന്നപ്പോൾ നാല് വർഷം മുമ്പാണ് കിള്ളി-തൂങ്ങാംപാറ റോഡിലെ ഓടകൾ പണിതത്. ഇന്നേവരെ ഈ ഓടകൾ വൃത്തിയാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കാട്ടാക്കട ജങ്ഷനിലും കിള്ളി-പുതുവയ്ക്കല്‍-കട്ടയ്ക്കോട് റോഡിലും കഴിഞ്ഞദിവസത്തെ മഴയത്ത് ഈ അവസ്ഥ തന്നെയായിരുന്നു. ജങ്ഷനില്‍ ഉള്‍പ്പെടെയുള്ള മിക്ക ഓടകളും മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികളും നവീകരണവും ഇല്ലാത്തത് ഓടകളെ ഉപയോഗമില്ലാത്തതാക്കുന്നു.
പ്രധാന റോഡരികുകളിലെ മിക്ക ഓടകളും മണ്ണും ചളിയും നിറഞ്ഞ് കാടും പടര്‍പ്പും പിടിച്ചുകിടക്കുകയാണ്. പൊതുഓടകള്‍ സ്വകാര്യ ഭൂവുടമകളും വ്യാപാരികളും നികത്തുകയും മറ്റിടങ്ങളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പെടെയുള്ളവ ഒഴിക്കിവിടുകയും െചയ്യുന്നു. പരാതികള്‍ വ്യാപകമായിട്ടും നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.