സര്‍ക്കാര്‍ സ്കൂളിന് കെട്ടിട നിര്‍മാണ തൊഴിലാളിയുടെ പ്രയത്നത്തില്‍ പുതുജീവന്‍
text_fieldsനവീകരിച്ച ഒറ്റമുറി ക്ലാസ് കെട്ടിടത്തിനുള്ളിലെ അവസാന പണികള്‍ നടത്തുന്ന സന്തോഷ്
കാട്ടാക്കട: അരനൂറ്റാണ്ടോളം പഴക്കമുള്ള സര്‍ക്കാര്‍ സ്കൂളിലെ കെട്ടിടം പൂര്‍വ വിദ്യാര്‍ഥിയായ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ പ്രയ്തനത്തില്‍ പുതുജീവന്‍. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പള്ളി സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ വര്‍ഷങ്ങളായി അധികൃതര്‍ ഉപേക്ഷിച്ച ഒറ്റമുറി ക്ലാസ് കെട്ടിടമാണ് പഴമ നഷ്ടപ്പെടാതെ നവീകരിച്ച് ശീതികരിച്ച മുറിയാക്കിയത്. കുറ്റിച്ചല്‍ പച്ചക്കാട് സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ സന്തോഷാണ് കെട്ടിടം സ്വന്തം പണം ഉപയോഗിച്ച് നവീകരിച്ചത്.
1991ല്‍ 10ാം ക്ലാസ് പഠനം കഴിഞ്ഞിറങ്ങിയ സന്തോഷ് തുടര്‍ പഠനത്തിന് സാധിക്കാത്തതുകാരണം കെട്ടിട നിര്‍മാണ തൊഴിലാളിയായി. 91ല്‍ പഠനം കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളുടെ സംഗമം സ്കൂളില്‍ സംഘടിപ്പിച്ചു. സംഗമത്തില്‍ പങ്കെടുക്കാനെത്തിയ സന്തോഷ് പഠനമുറിയായിരുന്ന ഓടിട്ട ഒറ്റമുറി ക്ലാസ് കെട്ടിടം മാത്രം ജീര്‍ണിച്ച അവസ്ഥയില്‍ കണ്ടു. തുടർന്ന്
സന്തോഷ് കെട്ടിടം നവീകരിക്കുന്നതിന് അധികൃതരെ സമീപിക്കുകയായിരുന്നു. ഫണ്ടില്ലായ്മ അധികൃതര്‍ പങ്കുെവച്ചപ്പോൾ സ്വന്തം കൈയില്‍നിന്ന് പണം മുടക്കി ക്ലാസ് കെട്ടിടം നവീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെട്ടിടം നവീകരിച്ചശേഷം മുറിക്കുള്ളില്‍ മുഴുവന്‍ ചിത്രങ്ങളും വരച്ച് എ.സിയും സ്ഥാപിച്ചു. ഒന്നാം ക്ലാസ് മുതല്‍ തെൻറ സഹപാഠിയായിരുന്ന 10ാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച് അകാലത്തില്‍ പൊലിഞ്ഞ എഫറന്സിെൻറ ഓര്മ നിലനിര്‍ത്തണമെന്ന ആഗ്രഹത്താല്‍ സ്കൂളിന് കൈമാറും. നവീകരിച്ച കെട്ടിടം ചൊവ്വാഴ്ച രാവിലെ 10ന് ശബരീനാഥന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നവീകരിച്ച ഒറ്റമുറി കെട്ടിടം കുട്ടികളുടെ കൗണ്‍സലിങ് സെെൻററായി ഉപയോഗിക്കാനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.