പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; ഓട്ടോഡ്രൈവർ പിടിയിൽ
text_fieldsകാട്ടാക്കട: റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ പിന്തുടർന്ന് അശ്ലീലം പറയുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത ഓട്ടോഡ്രൈവർ പിടിയിൽ. വെള്ളറട ആറുകാണി അണമുഖം തോട്ടിൻകര വീട്ടിൽ സനു രാജനെ(30)യാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. വീരണകാവിന് സമീപമായിരുന്നു സംഭവം.
പെൺകുട്ടിയുടെ അടുത്തെത്തിയശേഷം ഓട്ടോയിൽ കയറാൻ ഇയാൾ ആവശ്യപ്പെടുകയും വിസ്സമ്മതിച്ചപ്പോൾ ലൈംഗിക ചേഷ്ടകളുമായി പിന്നാലെ കൂടുകയുമായിരുന്നു. ഭയന്ന പെൺകുട്ടി അടുത്തുള്ള ബന്ധുവീട്ടിൽ അഭയം തേടിയ ശേഷം വീടുമായി ബന്ധപ്പെട്ടു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വട്ടപ്പാറ രജിസ്ട്രേഷനിലുള്ളതാണ് ഓട്ടോറിക്ഷയെന്ന് തിരിച്ചറിയാനായി. തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.