ദേശീയപാതയോരത്തെ രാത്രികാല തട്ടുകടകൾ ഭീഷണി
text_fieldsദേശീയപാതയിലെ തട്ടുകടകൾ
കണിയാപുരം: ദേശീയപാതയിലെ റോഡിന്റെ വശത്ത് രാത്രികാല തട്ടുകടകൾ പ്രവർത്തിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതായി യാത്രക്കാരുടെ പരാതി. ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വിധത്തിലാണ് ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. റോഡിന്റെ ടാറിങ് തീരുന്ന സ്ഥലത്തുതന്നെ മേശയും കസേരകളും ഇട്ട് ആഹാരം വിളമ്പുന്നതിനാൽ വൻ ഭീഷണിയാണുള്ളത്. പ്രദേശത്ത് മൂന്നുദിവസം മുമ്പ് കെ.എസ്.ആർ.ടി.സി ബസ് ഒരു തട്ടുകടയിൽ ഇടിച്ചു കയറി; ഡ്രൈവറുടെ സംയോചിത ഇടപെടൽ മൂലം വൻദുരന്തം ഒഴിവാകുകയായിരുന്നു.
യാതൊരുവിധ സുരക്ഷയോ, ഭക്ഷ്യസുരക്ഷാ ലൈസൻസുകളോ ഇല്ലാതെയാണ് കച്ചവടം പൊടിപൊടിക്കുന്നത്. അപകടം ഉണ്ടാകുമെന്ന് നിരവധിതവണ സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും അധികാരികൾക്ക് മൗനം മാത്രമാണ്. ദേശീയപാതയുടെ നിർമാണം നടക്കുന്ന റോഡിനോട് ചേർന്ന് ഇത്തരം കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ വൻ ഗതാഗതക്കുരുക്കിനും ഇടയാകുന്നുണ്ട്.
വലിയ രീതിയിലുള്ള പൊടിപടലങ്ങളും പ്രദേശത്ത് നിലനിൽക്കുമ്പോഴാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണങ്ങൾ പാകംചെയ്ത് ആളുകൾക്ക് കൊടുക്കുന്നത്. അമിതവേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങൾ സഞ്ചരിക്കുന്ന ദേശീയപാതയുടെ വശങ്ങളിലെ കച്ചവടങ്ങൾ കാരണം വൻ ദുരന്തമാണ് വരാനിരിക്കുന്നത്. വൈകീട്ട് നാലുമണിയോടെ തുടങ്ങുന്ന തട്ടുകടകൾ പുലർച്ചെ വരെ നീളുന്നു. കഴക്കൂട്ടം മുതൽ മംഗലപുരം വരെയുള്ള ദേശീയപാതയിലാണ് അപകടം പതിയിരിക്കുന്ന കച്ചവടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

