മണമ്പൂരിൽ മോഷണം വ്യാപകം, പൊലീസ് ഇടപെടലില്ലെന്ന്
text_fieldsമണമ്പൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യം
കല്ലമ്പലം: മണമ്പൂരിൽ മോഷണം വ്യാപകം, പൊലീസ് ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. മണമ്പൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തടുത്ത് നടന്ന മോഷണങ്ങളിൽ പ്രദേശത്തെ ജനങ്ങൾ ഭയപ്പാടിലാണ്. മണമ്പൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മുൻവശത്തെ ഓടിളക്കി രണ്ട് കാണിക്കവഞ്ചികളിലെ പണം മോഷ്ടിച്ചു.
തൊട്ടടുത്തുള്ള പുത്തൻകോട് തുളസിമന്ദിരത്തിലെ സത്യാദാസിന്റെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണം മോഷ്ടിക്കപ്പെട്ടു. അതിനടുത്ത പ്രദേശമായ കോട്ടറക്കോണം പാലത്തിനുസമീപം മണ്ണറമൂലയിൽ ഷീജാവിലാസത്തിൽ ചെല്ലപ്പൻപിള്ളയുടെ വീട്ടിൽനിന്ന് അഞ്ച് നിലവിളക്കും 15000 രൂപയും മോഷ്ടിക്കപ്പെട്ടു.
കോട്ടറക്കോണം പാലത്തിനുസമീപം സ്ഥിതി ചെയ്യുന്ന രാജന്റെ എസ്.എസ് ഇന്റർലോക്ക് കമ്പനിയിൽ നിന്ന് 500 രൂപ മോഷ്ടിക്കപ്പെട്ടു. പറങ്കിമാംവിള ഭാഗത്തും നിരവധി വീടുകളിൽ മോഷണവും മോഷണശ്രമങ്ങളും കഴിഞ്ഞയാഴ്ച ഉണ്ടായി. കല്ലമ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊലീസ് ഇടപെടലിന്റെ അഭാവമാണ് മോഷണം പെരുകുന്നതിന് കാരണം എന്നാണ് പരാതി.

