ബസിൽ പരിക്കേറ്റ വയോധികക്ക് സർവിസ് നിർത്തിവെച്ച് ജീവനക്കാർ ചികിത്സ ലഭ്യമാക്കി
text_fieldsകല്ലമ്പലം: യാത്രക്കിടെ പരിക്കേറ്റ യാത്രക്കാരിയെ ബസിൽ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. തിരുവനന്തപുരത്ത് നിന്ന് കായംകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റിൽ യാത്രക്കാരിക്ക് ചൊവ്വാഴ്ച രാവിലെ 9.30ന് ആലംകോട് ജങ്ഷനിൽവെച്ച് തല ബസിലെ കമ്പിയിലിടിച്ച് പരിക്കേറ്റു.
ബസിന് മുന്നിൽ പോയ കാറിൽ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് ബസിലെ യാത്രക്കാരിയായിരുന്ന കൊല്ലം സ്വദേശിയായ വയോധികയുടെ തല കമ്പിയിലിടിച്ച് പരിക്കേറ്റത്. ഉടൻ തന്നെ ബസിലെ കണ്ടക്ടർ ശ്രീകുമാർ, ഡ്രൈവർ അഭിജിത്ത് എന്നിവർ തൊട്ടടുത്തുള്ള ചാത്തൻപാറ സ്വകാര്യ ആശുപ്രതിയിലേക്ക് ബസ് വിട്ടു. അവിടെ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ബാക്കിയുള്ള യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. തുടർന്ന് വയോധികയെ ബന്ധുക്കളെ വിളിച്ചുവരുത്തുകയും അവരെ ഏൽപിക്കുകയും ചെയ്ത ശേഷമാണ് ജീവനക്കാർ ജോലി തുടർന്നത്. സമയോചിതമായി പ്രവർത്തിച്ച ഡ്രൈവറെയും കണ്ടക്ടറെയും ബസ് യാത്രക്കാരും ആശുപത്രി ജീവനക്കാരും നാട്ടുകാരും പ്രശംസിച്ചു.

