യുവാവിന്റെ മരണം സ്വകാര്യ ബസ് ജീവനക്കാരുടെ പീഡനങ്ങളെ തുടർന്നെന്ന്
text_fieldsശ്യാം
കല്ലമ്പലം: യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ ആരോപണവുമായി കുടുംബം. ഞെക്കാട് അശ്വതിയിൽ (അക്കരവിള) ബാബു-പുഷ്പലത ദമ്പതികളുടെ മകൻ ശ്യാമിനെയാണ് (42) വെള്ളിയാഴ്ച വൈകീട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ ബസ് ജീവനക്കാരുടെ മർദനത്തിൽ മനംനൊന്താണ് ശ്യാം ജീവനൊടുക്കിയതെന്നും വിശദമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആറ്റിങ്ങലിൽനിന്ന് സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോൾ വാക്കുതർക്കത്തെ തുടർന്ന് ജീവനക്കാർ ശ്യാമിനെ ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു. ചേന്ദൻകോട് ജങ്ഷനിൽ ഇറക്കിയശേഷം അവിടെവെച്ചും മർദിച്ചു.
സ്ഥലത്തെ ഓട്ടോ തൊഴിലാളികൾ ദൃക്സാക്ഷികളാണെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. മർദനമേറ്റ് അവശനായ ശ്യാം വീട്ടിലെത്തി മാതാവിനോട് വിവരം പറഞ്ഞിരുന്നു. തുടർന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഷാജു, സബു എന്നിവർ സഹോദരങ്ങളാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

