കോഴികളെ അജ്ഞാതജീവി കൊന്നു, കർഷകർ ആശങ്കയിൽ
text_fieldsകോഴികളെ കൂട്ടിൽ ചത്തനിലയിൽ കണ്ടെത്തിയപ്പോൾ
കല്ലമ്പലം: നാവായിക്കുളം ഡീസന്റ് മുക്ക് മേഖലയിൽ അജ്ഞാതജീവി കോഴികളെ കൊല്ലുന്നു. രണ്ട് വീടുകളിലായി നൂറോളം കോഴികളെ ചത്ത നിലയിൽ കണ്ടെത്തി. ഡീസന്റ്മുക്ക് പാറച്ചേരി ഷമീല മൻസിൽ ഐഷാബീവിയുടെ വീട്ടിലെ 30 കോഴികളെ വെള്ളിയാഴ്ച പുലർച്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവർ മുട്ടക്കോഴി വളർത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ കോഴിക്കൂട് പരിശോധിച്ചപ്പോഴാണ് കോഴികളെല്ലാം ചത്ത നിലയിൽ കാണപ്പെട്ടത്. രണ്ട് കോഴികൾക്ക് തല നഷ്ടപ്പെട്ട നിലയിലായിരുന്നു. വീടിനോട് ചേർന്ന് പ്രത്യേകം കൂടുകെട്ടിയാണ് കോഴി വളർത്തിയിരുന്നത്. ഇതിന്റെ വാതിൽ തകർത്താണ് അജ്ഞാതജീവി അകത്തുകയറിയത്. കോഴികൾ ഒന്നാകെ കൊല്ലപ്പെട്ടതോടെ ഈ കുടുംബത്തിന്റെ ഉപജീവനം പ്രതിസന്ധിയിലാണ്.
ഡീസന്റ്മുക്കിന് സമീപം അനന്തഭവനത്തിൽ മിനിയുടെ വീട്ടിൽ രണ്ടുദിവസം മുമ്പ് സമാനരീതിയിൽ കോഴികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇവിടെ 50ലേറെ കോഴികളാണ് നഷ്ടമായത്. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. വള്ളിപ്പൂച്ച പോലുള്ള മൃഗങ്ങളുടെ ആക്രമണം ആണെന്നാണ് നിഗമനം. തെരുവുനായ് ശല്യവും മേഖലയിൽ വ്യാപകമാണ്.
മാസങ്ങൾക്കുമുമ്പ് കല്ലമ്പലം മേഖലയിൽ അജ്ഞാതജീവിയുടെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കപരത്തിയിരുന്നു. അതിനുശേഷം വ്യത്യസ്ത സന്ദർഭങ്ങളിലായി വീടുകളിൽ വളർത്തിയിരുന്ന കോഴികൾ കൊല്ലപ്പെടുന്നതും നായ്ക്കളെ കാണാതാകുന്നതും വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. പുലിയെന്ന് സംശയിക്കുന്ന രീതിയിലുള്ള മൃഗത്തെയാണ് നാട്ടുകാരിൽ പലരും നേരത്തെ കണ്ടിട്ടുള്ളത്. ഈ സ്ഥലങ്ങളിലെ കാൽപാദങ്ങൾ പരിശോധിച്ചതിൽനിന്ന് വള്ളിപ്പൂച്ചയോ കാട്ടുപൂച്ചയോ ആകാം എന്ന നിഗമനത്തിലാണ് വനംവകുപ്പ് എത്തിയത്.

