കുടവൂരിൽ തെരുവുനായ്, പന്നി ശല്യം രൂക്ഷം
text_fieldsകല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ വാർഡിൽ തെരുവുനായുടെയും പന്നിയുടെയും ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. കഴിഞ്ഞദിവസം രാവിലെ പുലിക്കുഴി മുക്കിലുള്ള കോളജ് വിദ്യാർഥിനിയെയും കുടവൂർ പത്തനാപുരത്ത് ചായക്കട നടത്തുന്ന വ്യക്തിയെയും തെരുവുനായ് ആക്രമിച്ചിരുന്നു.
കോഴികളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചുകൊല്ലുന്നത് പതിവാണ്. ദിവസംപ്രതി നായ്ശല്യം വർധിച്ചു വരുകയാണ്. നൂറുകണക്കിന് നായ്ക്കളാണ് സമീപകാലത്ത് വർധിച്ചത്. സമീപപഞ്ചായത്തുകളിൽനിന്നും വന്ധ്യംകരണത്തിനായി പിടികൂടുന്ന നായ്ക്കളെ കുടവൂർ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ ഭാഗങ്ങളിൽ കൊണ്ടുവന്നു തുറന്നുവിടുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
ഓരോ വർഷവും നായ്ക്കളുടെ വന്ധ്യംകരണത്തിനായി ലക്ഷക്കണക്കിനു തുക പദ്ധതിയിൽ വകയിരുത്തുന്നുണ്ടെങ്കിലും നാളിതുവരെ ഒരു നായെപോലും പഞ്ചായത്തിൽ വന്ധ്യംകരണത്തിന് വിധേയമാക്കിയിട്ടില്ലെന്നും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നതും പതിവാണ്. ഇതു നിയന്ത്രിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കുമെന്ന് നാട്ടുകാർ അറിയിച്ചു.