കുട്ടിക്കാനം വാഹനാപകടം; മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും
text_fieldsകല്ലമ്പലം: കുട്ടിക്കാനം വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ സംസ്കരിക്കും. പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
കടമ്പാട്ടുകോണം വെട്ടിയറ വിളയിൽവീട്ടിൽ ഭദ്ര (18), മാതൃസഹോദരി സിന്ധു (45) എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച സംസ്കരിക്കുക. ഭദ്രയുടെ മൃതദേഹം വെട്ടിയറ ഫാർമസി ജങ്ഷനിലെ വീട്ടിലും സിന്ധുവിന്റെ മൃതദേഹം പാരിപ്പള്ളി പാമ്പുറത്തെ വീട്ടിലുമാണ് സംസ്കരിക്കുക.
പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ 10ന് രാത്രിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റുള്ളവർ ചൊവ്വാഴ്ച ആശുപത്രി വിട്ടു.
ഭദ്രയുടെ മാതാവ് മഞ്ജു, പിതാവ് ഷിബു, രണ്ടാമത്തെ മകൾ ഭാഗ്യ, സിന്ധുവിന്റെ മകൻ ആദിദേവ് എന്നിവരാണ് ആശുപത്രിയിലുണ്ടായിരുന്നത്.

