ഗ്രീൻഫീൽഡ് ഹൈവേ: ഉദ്യോഗസ്ഥർ ഉറപ്പ് ലംഘിച്ചു; ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തിന്
text_fieldsനിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ രൂപരേഖ
കല്ലമ്പലം: ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് ലംഘിച്ചതിൽ പ്രതിഷേധിച്ച് പലവക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരത്തിന്. ഖബർസ്ഥാന് മുകളിലൂടെ പോകുന്ന കടമ്പാട്ടുകോണം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പിനെതിരെയാണ് 201 അംഗ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്.
ഖബർസ്ഥാൻ പൊളിച്ചുമാറ്റികൊണ്ടുള്ള നിർമാണ പ്രവർത്തനം അനുവദിക്കില്ലെന്ന് ആക്ഷൻ കൗൺസിൽ തിരുമാനിച്ചു. അലൈൻമെന്റിൽ അൽപം മാറ്റം വരുത്തിയാൽ ഖബർസ്ഥാന് ബാധിക്കാത്ത വിധത്തിൽ റോഡ് നിർമിക്കാനാവും.
ഇക്കാര്യം ആദ്യകാലങ്ങളിൽ ഉദ്യോഗസ്ഥരും സമ്മതിച്ചതാണ്. എന്നാൽ, മുന്നറിയിപ്പുകൂടാതെ ഖബർസ്ഥാൻ സ്ഥിതിചെയ്യുന്ന പ്രദേശത്തെ നിർമിതികളിൽ ഉദ്യോഗസ്ഥർ നമ്പറിട്ടു. തുടർന്നാണ് ജമാഅത്ത് കമ്മിറ്റി സമരരംഗത്ത് ഇറങ്ങാൻ തീരുമാനിച്ചത്.

