ബാറിൽ സംഘർഷം; ഒരാൾക്ക് പരിക്ക്
text_fieldsഅനൂപ്
കല്ലമ്പലം: ബാറിലെ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. നാവായിക്കുളം തട്ടുപാലത്തെ ബാറിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. നാവായിക്കുളം നനാംകോണം കാട്ടിൽ പുത്തൻവീട്ടിൽ ഉണ്ണിക്കാണ് കുത്തേറ്റത്. സംഭവത്തെ തുടർന്ന് ഉണ്ണിയുടെ അയൽവാസിയായ കാട്ടിൽ പുത്തൻവീട്ടിൽ രഞ്ജിത്ത് എന്ന അനൂപിനെ അറസ്റ്റ് ചെയ്തു. സംഭവദിവസം ബാറിൽ മദ്യപിക്കാനെത്തിയ ഉണ്ണിയോട് സൗഹൃദം പുതുക്കാൻ അനൂപ് എത്തിയത്രെ. ഉണ്ണി അടുപ്പം കാട്ടാതെ മാറി നിന്നതിൽ പ്രകോപിതനായ അനൂപ് മദ്യപിച്ചശേഷം അസഭ്യം പറഞ്ഞു. അപ്പോൾ ഉണ്ണി കൈയിൽ ഇരുന്ന ഗ്ലാസ് അനൂപിന് നേർക്ക് എറിഞ്ഞു. ഏറ് കൊണ്ട് അനൂപിന്റെ ചെവിക്ക് പിന്നിൽ മുറിവേറ്റു.
ഇതേതുടർന്നാണ് അനൂപ് കത്തി ഉപയോഗിച്ച് ഉണ്ണിയുടെ വയറ്റിലും കാലിലും കുത്തിയത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ റിമാൻഡ് ചെയ്തു.

