ബൈക്കപകടം: അയൽവാസികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
text_fieldsഉമേഷ് കൃഷ്ണൻ, സുരേഷ്
കല്ലമ്പലം: ബുധനാഴ്ച രാത്രി ഇരുപത്തെട്ടാം മൈൽ - പള്ളിക്കൽ റോഡിൽ പൈവേലിക്കോണത്തിനുസമീപം നടന്ന ബൈക്കപകടത്തിലെ അയൽവാസികളുടെ മരണം വെട്ടിയറ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. രാത്രി എട്ടരയോടെയായിരുന്നു അപകടം. പൈവേലിക്കോണം കൃഷ്ണകൃപയിൽ ഉണ്ണികൃഷ്ണൻ-മിനി ദമ്പതികളുടെ മകൻ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ഉമേഷ് കൃഷ്ണൻ (21), രമാ മന്ദിരത്തിൽ സുരേഷ് (60) എന്നിവരാണ് മരിച്ചത്. ഉമേഷിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പൈവേലിക്കോണം ശിവാലയത്തിൽ അനൂപിന് (21) പരിക്കേറ്റിരുന്നു.
ബന്ധുവിെൻറ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമേഷും അനൂപും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന സുരേഷിനെ ഇടിച്ച ശേഷം നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. കല്ലമ്പലത്തെ തുണിക്കടയിൽ ജീവനക്കാരനായിരുന്ന സുരേഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഉമേഷിനെയും സുരേഷിനെയും ഓടിക്കൂടിയ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു.
സാരമല്ലാത്ത പരിക്കേറ്റ അനൂപിനെ ചികിത്സ നൽകിയ ശേഷം വീട്ടിൽ കൊണ്ടുവന്നു. അയൽവാസികളും അകന്ന ബന്ധുക്കളുമായവരുടെ മരണം വെട്ടിയറ ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. പോസ്റ്റ്മോർട്ടം കഴിഞ്ഞ് സുരേഷിെൻറ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഗിരിജയാണ് സുരേഷിെൻറ ഭാര്യ. മക്കൾ: ശാലിനി, അമിത. വിദേശത്തുള്ള പിതാവ് നാട്ടിലെത്തിയ ശേഷം ഉമേഷിെൻറ സംസ്കാരം നടക്കും.

