പണം വച്ച് ചീട്ടുകളി; ഏഴംഗ സംഘം അറസ്റ്റിൽ, 21 580 രൂപ കണ്ടെടുത്തു
text_fieldsകല്ലമ്പലം: പുതുശ്ശേരിമുക്കിൽ പണം വച്ച് ചീട്ടുകളിച്ച ഏഴംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കരവാരം തോട്ടയ്ക്കാട് പന്തുവിള കാട്ടിൽ പുത്തൻ വീട്ടിൽ സജി (47), വണ്ടിത്തടം മുഹമ്മദ് ബിലാൽ മൻസിലിൽ നൗഷാദ് (44), കുടവൂർ വണ്ടിത്തടം അനിച്ചോത്തിൽ വീട്ടിൽ ഷെരീഫ് (54), പുതുശ്ശേരിമുക്ക് പാവല്ല രേവതിയിൽ ദിലീപ്കുമാർ (50), കരവാരം വണ്ടിത്തടം എ.എസ് മൻസിലിൽ നിസാർ (55), പുതുശ്ശേരിമുക്ക് പന്തുവിള ഗീതാ ഭവനിൽ അനീഷ് (35), പുതുശ്ശേരിമുക്ക് കെ.ആർ ഹൗസിൽ ഫസിലുദ്ദീൻ (54) എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായ ദിലീപ്കുമാറിന്റെ പുരയിടത്തിൽ വൻതുക ഉപയോഗിച്ച് ചീട്ടുകളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്. ഇവരിൽ നിന്നും 21 580 രൂപ പൊലീസ് കണ്ടെടുത്തു. ഇവർ വന്ന വാഹനങ്ങളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വർക്കല ഡി.വൈ.എസ്.പി നിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി നടത്തിയ നേരിട്ടുള്ള റെയ്ഡിലാണ് സംഘം പിടിയിലായത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ.ഫറോസ്, എസ്.ഐ ഗംഗാപ്രസാദ്, വിജയകുമാർ, ഗ്രേഡ് എസ്.ഐ അനിൽകുമാർ, ജയൻ, എ.എസ്.ഐ സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹരിമോൻ, ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, വിനോദ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. നാട്ടുകാരിൽ നിന്നും നിരവധി പരാതികൾ പ്രതികളെക്കുറിച്ച് പൊലീസിന് ലഭിച്ചിരുന്നു.

