കാളിപ്പാറ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ല; ബില്ല് മൂന്നിരട്ടിയിലധികം
text_fieldsവെള്ളറട: കാളിപ്പാറ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. പദ്ധതിയില്‍ നിന്നും മലയോര മേഖലയില്‍ ആയിരക്കണക്കിന് കണക്ഷനാണ് ഗുണഭോക്താക്കള്‍ എടുത്തിട്ടുള്ളത്. യഥാസമയം വെള്ളം ലഭിക്കുന്നില്ലായെങ്കിലും ബില്ല് കൃത്യമായി വരുന്നുണ്ട്. ബില്ല് കൃത്യമായി അടക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള മാസങ്ങളില്‍ മൂന്നിരട്ടിയിലധികം ബില്ല് വരുന്നതായും പരാതിയുണ്ട്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.
പ്രദേശത്തെ നിരവധി ഗുണഭോക്താക്കള്‍ കാളിപ്പാറ കുടിവെള്ള പദ്ധതി കണക്ഷന് വിച്ഛേദിച്ചു കഴിഞ്ഞു. പലരും പരാതികളുമായി നടക്കുകയുമാണ്. വെള്ളറട പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന, സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ വി. സനാതനനാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വെള്ളം വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നത് എന്ന് പരാതി നിലനിൽക്കുമ്പോൾ തന്നെ കഴിഞ്ഞ മാസം 962 രൂപയാണ് ബില്ല് വന്നത്. ഈ മാസം 2806 രൂപയാണ് ബില്ല്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പോലും വെള്ളം എത്താതിരിക്കുമ്പോഴാണ് വൻതുക ബില്ലിൽ വരുന്നത്. മൂന്നിരട്ടിയിലധികം ബില്ല് വന്നതിനെ തുടര്‍ന്ന് സനാതനന് കാട്ടാക്കടയിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി പരാതിപ്പെട്ടു. ആദ്യദിവസം ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കാം എന്ന് അറിയിച്ചുവെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല.
ഉപയോഗിക്കുന്ന വെള്ളത്തിനനുസരിച്ചാണ് ബില്ലെങ്കിൽ മാസം 100 രൂപ പോലും അടക്കേണ്ടി വരില്ല എന്നാണ് സനാതനന് പറയുന്നത്. ഉപയോഗിക്കാത്ത ബില്ലിന് മൂന്നിരട്ടിയിലധികം തുക ഈടാക്കുന്നതിൽ ഗുണഭോക്താക്കൾ ക്ഷുഭിതരാണ്. കഴിഞ്ഞ ദിവസം ബില്ലുമായി എത്തിയ ഉദ്യോഗസ്ഥനോട് ''ഇനി ബില്ലുമായി പരിസരത്ത് വരരുത്'' എന്നാണ് ഗുണഭോക്താവിന്റെ നിര്‍ദ്ദേശം.
വെള്ളറട, ആനപ്പാറ, ആറാട്ടുകുഴി, കാക്കതൂക്കി, കലിംഗ് നട ഈ പ്രദേശത്ത് മുഴുവനും കുടിവെള്ളം ലഭിക്കുന്നില്ല എന്നുള്ള പരാതിയുണ്ട്. എന്നാല്‍ കൃത്യമായി ബില്ലുകള്‍ വരുന്നുമുണ്ട്. യഥാസമയം അടച്ചില്ലായെങ്കില്‍ ഓഫീസില്‍ നിന്ന് കണക്ഷന് വിച്ഛേദിച്ചു കളയുമെന്നുള്ളതാണ് ഭീഷണി.
കുടിവെള്ളം നല്‍കാതെ മൂന്നിരട്ടിയിലധികം ബില്ല് ഈടാക്കുന്ന കാളിപ്പാറ കുടിവെള്ള പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് ഗ്രാമീണ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കാളിപ്പാറ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളമെടുക്കുന്ന ഗുണഭോക്താക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

