കന്യാസ്ത്രീകളുടെ അറസ്റ്റ്, ക്രൈസ്തവ പ്രക്ഷോഭത്തിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും നുഴഞ്ഞുകയറി - ഷോൺ ജോർജ്
text_fieldsഷോൺ ജോർജ്
തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകൾ ഛത്തിസ്ഗഢ് ജയിലിലായതിൽ ക്രൈസ്തവ സഭകൾ നടത്തിയ പ്രക്ഷോഭങ്ങളിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും നുഴഞ്ഞുകയറിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. ലോകത്ത് ക്രൈസ്തവർ നേരിടുന്ന വലിയ പ്രശ്നമാണ് പൊളിറ്റിക്കൽ ഇസ്ലാം.
അപ്പോഴാണ് രാജ്യവിരുദ്ധ ശക്തികളായ ഇവർ കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, എറണാകുളം, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളിൽ ബി.ജെ.പിയെ ലക്ഷ്യമിട്ട് കടന്നുകൂടിയത്. സഭ പിതാക്കന്മാർ ഇക്കാര്യം അറിഞ്ഞിട്ടില്ല. ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ സമരത്തിൽ കടന്നുകൂടിയത് എന്തിനെന്ന് അന്വേഷിക്കണം.
സഭകൾ ബി.ജെ.പിയുമായി അടുക്കുന്നതിന്റെ വ്യാകുലതയാണ് ഇവർക്ക്. താടിക്ക് തട്ടിയവനെ പേടിച്ച് അറവുകാരന്റെ കൂട്ടിൽ കുഞ്ഞാടിനെ കെട്ടുന്നത് ഗുണമാവില്ല. സഭകളും വിശ്വാസികളും പൊതുസമൂഹവും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
ക്രൈസ്തവ സഭ തന്നെ വളരെ കാലം മുമ്പ് നിർബന്ധിത മതപരിവർത്തനം തടഞ്ഞതാണ്. അക്കാര്യത്തിൽ ബി.ജെ.പിക്ക് വേറിട്ട അഭിപ്രായമില്ല. ടിപ്പു തോറ്റ് തിരിച്ചുപോയില്ലെങ്കിൽ കൊടുങ്ങല്ലൂർ വരെ എങ്ങനെയായിരുന്നോ അതാവുമായിരുന്നു കേരളത്തിന്റെ മൊത്തം അവസ്ഥയെന്ന് എല്ലാവരും മനസ്സിലാക്കണം. പാലോളി കമ്മിറ്റി റിപ്പോർട്ട് ഒരുമാസംകൊണ്ട് നടപ്പാക്കിയ സർക്കാർ ജെ.ബി. കോശി റിപ്പോർട്ട് നാലുവർഷമായിട്ടും തൊട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സുമിത്ത് ജോർജ്, ജിജി ജോസഫ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

