വിൽപന നടത്താൻ ശ്രമിച്ച നക്ഷത്ര ആമയെ പിടികൂടി
text_fields,നെടുമങ്ങാട്: വിൽപന നടത്താൻ ശ്രമിച്ച നക്ഷത്ര ആമയെ പിടികൂടി. നക്ഷത്ര ആമയെ കൈവശം സൂക്ഷിച്ച് കടത്താൻ ശ്രമിച്ച റാന്നി സ്വദേശി സച്ചിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറസ്റ്റ് വിജിലൻസ് വിഭാഗം എ.പി.സി.സി.എഫ് ഷാജിമോന് ലഭിച്ച വിവരമനുസരിച്ചായിരുന്നു കിളിമാനൂരിന് സമീപം വിൽപന നടത്താൻ ശ്രമിച്ച നക്ഷത്ര ആമയെയും പ്രതിയെയും കടത്താനുപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തത്.
ഫ്ലയിങ് സ്ക്വഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ജസ്റ്റിൻ സ്റ്റാൻലി, ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ വി. ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പിടിച്ചെടുത്ത ആമയെയും പ്രതിയേയും വാഹനത്തെയും തുടർനടപടികൾക്കായി പാലോട് റെയിഞ്ചിന് കൈമാറി. ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വഡ് സെക്ഷൻ ഫോറസ്റ്റ് ഓഫിസറായ വി.എൻ. തുളസീധരൻ നായർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ. ജിതേഷ് കുമാർ, എസ്. സജു, പി. രാജേഷ് കുമാർ, ഫോറസ്റ്റ് ഡ്രൈവർ കെ. വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

