പെൺകുട്ടികളോട് അശ്ലീല സംഭാഷണം; എ.എസ്.ഐക്കെതിരെ അന്വേഷണം
text_fieldsമംഗലപുരം: തോന്നയ്ക്കൽ സയൻസ് ഫെസ്റ്റിവൽ ഡ്യൂട്ടിക്കിടെ വളൻറിയറായ വിദ്യാർഥിനിയെ രാത്രി ഫോണിൽ വിളിച്ച് എ.എസ്.ഐ അശ്ലീലം പറഞ്ഞതായി പരാതി. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി. നസീമിനെതിരെയാണ് പെൺകുട്ടി ആക്ഷേപം ഉന്നയിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. സയൻസ് ഫെസ്റ്റിവലിൽ വളൻറിയർമാരായി കോളജ് വിദ്യാർഥികളാണുള്ളത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞ് നസീം പെൺകുട്ടികൾക്ക് മൊബൈൽ നമ്പർ നൽകുകയും അവരുടെ ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയിൽ ഇയാൾ വളൻറിയറായ ഒരു പെൺകുട്ടിയെ നിരന്തരമായി ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞത്.
വീഡിയോകാൾ വിളിച്ച് ശല്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ചൊവ്വാഴ്ച സംഭവത്തെക്കുറിച്ച് ചോദിക്കാൻ മറ്റുള്ള വളന്റിയർമാരോടൊപ്പം എത്തിയ വിദ്യാർഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രശ്നമാകുമെന്ന് കണ്ടതോടെ ഓടി രക്ഷപ്പെട്ടു. നേരത്തേ പാങ്ങോട് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ സമാന നടപടി നേരിട്ടയാളാണിയാൾ.
കൊല്ലത്തായിരുന്ന ഇയാളെ ശിക്ഷാ നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. പരാതിയുമായി എത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പറിൽ രാത്രി മദ്യപിച്ച് വിഡിയോ കാൾ ചെയ്യുന്നതാണ് രീതി. പലരും പരാതിപ്പെടാറില്ല.

