‘നൈറ്റ് ലൈഫി’ന്റെ പേരിൽ കനകക്കുന്ന് തകർക്കുന്നെന്ന്
text_fieldsനൈറ്റ് ലൈഫിന്റെ പേരിൽ കനകക്കുന്നിൽ നടക്കുന്ന നിർമാണം
തിരുവനന്തപുരം: ‘നൈറ്റ് ലൈഫ്’ മേഖലയാക്കാനെന്ന പേരിൽ നഗരത്തിന്റെ പൈതൃക മേഖലയായ കനകക്കുന്നിനെ തകർക്കുന്നു. കനകക്കുന്നിന്റെ പരിസരമാകെ കുത്തിപ്പൊളിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കനകക്കുന്ന് പൈതൃകസംരക്ഷണ സമിതി എന്ന പരിസ്ഥിതി കൂട്ടായ്മ പ്രതിഷേധത്തിന് തുടക്കമിട്ടു.
കൊട്ടാര പരിസരത്തെ മരങ്ങൾ മുറിച്ചും എക്സ്കവേറ്ററുകൾ ഉപയോഗിച്ച് ആഴത്തിൽ കേബ്ൾ കുഴികളെടുത്ത് പുൽത്തകിടിയും ഉദ്യാനസസ്യങ്ങളും വൃക്ഷവേരുകളും മുറിച്ചുമാറ്റിയുമാണ് നിർമാണം പുരോഗമിക്കുന്നത്.
വൃക്ഷങ്ങൾക്കിടയിൽ കോൺക്രീറ്റ് നിർമാണവും രാപകൽ നടക്കുന്നു. ഇതു കനകക്കുന്നിന്റെ പച്ചപ്പിനെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് കൂട്ടായ്മ ആരോപിക്കുന്നു. ഊരാളുങ്കൽ സൊസൈറ്റിയാണ് രണ്ടു കോടിയുടെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
രാജ്യത്തെ ആദ്യ ഡിജിറ്റൽ മൈതാനമാക്കി കനകക്കുന്നിനെ മാറ്റുന്ന ക്യു.ആർ കോഡ് ചെയ്ത വൃക്ഷങ്ങളെ നശിപ്പിക്കുന്ന നിർമാണമാണ് നടക്കുന്നത്. രാത്രിയെ പകലാക്കുന്ന നൈറ്റ് ലൈഫ് നിർമിതികൾ ഈ പൈതൃക മേഖലയിലെ പക്ഷികളെയും ശലഭങ്ങളെയും ഇവിടെനിന്ന് എന്നേക്കുമായി അകറ്റും.
നഗരത്തിന് തണലും ശാന്തിയും നൽകിയ ഇടം തിരക്കിന്റെയും ലഹരിയുടെയും ആരവങ്ങളിലേക്ക് എത്തിക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. പൈതൃകമേഖലകളുടെ സംരക്ഷണ മാനദണ്ഡങ്ങൾ മറികടന്നും നിർമാണ വിവരങ്ങളും രീതികളും മറച്ചുവെച്ചുമാണ് പണി പുരോഗമിക്കുന്നത്. പണി ഉടൻ നിർത്തിവെക്കണമെന്നും നടത്തിയ നിർമാണങ്ങൾക്കും അനുബന്ധ നാശങ്ങൾക്കും പരിഹാരം വേണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

