പരമ്പരാഗത ചികിത്സാരീതികള്‍ അറിയാം ജി.എ.എഫ് ആയുഷ് പവലിയനിലെത്തിയാൽ
text_fieldsതിരുവനന്തപുരം: അലോപ്പതി ചികിത്സയില്‍നിന്ന് മാറി ചിന്തിക്കുന്ന ഒരാള്‍ക്ക് ഇതര ചികിത്സാരീതികളെക്കുറിച്ചറിയാന്‍ അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ കേന്ദ്ര ആയുഷ് മന്ത്രാലയ പവലിയന് മാത്രം സന്ദര്‍ശിച്ചാല്‍ മതിയാകും. സിദ്ധ, യുനാനി, ഹോമിയോ, ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, സോവ റിഗ്പ എന്നീ ചികിത്സാരീതികളെക്കുറിച്ചറിയാന്‍ മാത്രമല്ല ഇവയുടെയെല്ലാം ക്ലിനിക്കുകളും ഈ പവലിയനില്‍ പ്രവര്‍ത്തിക്കുന്നു.
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനോട് ചേര്‍ന്ന് തന്നെയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം ദേശീയ ആരോഗ്യ ഉത്സവം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ആയുഷ് പവലിയനില്‍ രാജ്യത്തെ അലോപ്പതിയിതര ചികിത്സകളെക്കറിച്ച് അറിയേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് നോഡല്‍ ഓഫിസര്‍ ഡോ. ധന്‍രാജ് കുമാര്‍ റാണ പറഞ്ഞു.
ഐ.സി.എം.ആറിന് സമാനമായ നാഷനല്‍ റിസര്‍ച് കൗണ്‍സില്‍ ഫോര്‍ ആയുര്‍വേദ, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി, കൊല്‍ക്കത്ത, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യുനാനി, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച് ഇന്‍ യോഗ ആന്‍ഡ് നാച്വറോപതി, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച് ഇന്‍ സിദ്ധ എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പവലിയന് പ്രവര്‍ത്തിക്കുന്നത്. 70ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീളുന്ന ഫെസ്റ്റിവല്‍ ചൊവ്വാഴ്ച സമാപിക്കും.
ജി.എ.എഫിലേക്കെത്തൂ; ഔഷധ സസ്യങ്ങളുമായി മടങ്ങാം
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലേക്കെത്തുന്നവരെ കാത്തിരിക്കുന്നത് ഔഷധ സസ്യങ്ങളുടെ വലിയ നിര.
പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഔഷധ സസ്യങ്ങള്‍ വാങ്ങുന്നതിനും പരിചയപ്പെടുന്നതിനുമുള്ള അവസരം ജി.എ.എഫിലുണ്ട്.
കേരള യൂനിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ ബോട്ടണി വിഭാഗത്തിന്റെ സ്റ്റാളില്‍ അന്‍പതിലധികം ഇനങ്ങളില്‍പ്പെട്ട ഔഷധ സസ്യങ്ങള്‍ ലഭ്യമാകും.
നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ, മുത്തിള്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം, ദശപുഷ്പങ്ങള്‍ തുടങ്ങി വിവിധയിനം ഔഷധ സസ്യങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ആയുഷ് വകുപ്പിന് കീഴില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റേയും നാഷനല്‍ ആയുഷ് മിഷന്റേയും സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഔഷധ സസ്യങ്ങള്‍ സംരംക്ഷിക്കുന്നത്.
കേരള യൂണിവേഴ്സിറ്റിയുടെ വിത്തു കേന്ദ്രത്തില്‍ സംരംക്ഷിക്കുന്ന നൂറിലധികം ഇനത്തില്‍പ്പെട്ട നെല്‍വിത്തുകളുടെ പ്രദര്‍ശനവും ജിഎഎഫില്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ തനത് നെല്‍വിത്തുകള്‍ക്ക് പുറമെ ഒറീസ, പശ്ചിമ ബംഗാള്‍, കര്‍ണാടക, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിത്തുകള്‍ പരിചയപ്പെടാന്‍ പ്രദര്‍ശനം അവസരമൊരുക്കും.
ലോകം അംഗീകരിക്കുന്ന ശാസ്ത്രമായി ആയുര്‍വേദം മാറി -എം.വി. ഗോവിന്ദന്
തിരുവനന്തപുരം: ആയുര്‍വേദത്തിന് എതിരായ പ്രചാരം കുറേക്കാലമായി നടക്കുന്നുവെന്നത് വാസ്തവമാണെങ്കിലും ലോകം അംഗീകരിക്കുന്ന ശാസ്ത്രമായി ആയുര്‍വേദം മാറിക്കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് സോളിഡാരിറ്റി മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗചികിത്സയില്‍ ആയുര്‍വേദവും അലോപ്പതിയും ഹോമിയോപ്പതിയും ഉള്‍പ്പെടെയുള്ള ചികിത്സാരീതികളുടെ പരസ്പര സഹകരണം ആവശ്യമാണെന്ന് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. ചടങ്ങിന് എഎംഎഐ സെക്രട്ടറി കെസി അജിത് കുമാര്‍ സ്വാഗതവും ഡോ. ഇട്ടുകുഴി ഉണ്ണികൃഷ്ണന് നമ്പൂതിരി നന്ദിയും പറഞ്ഞു.
പാശ്ചാത്യമാനദണ്ഡ പ്രകാരം ആയുര്‍വേദത്തെ അളക്കാന്‍ അനുവദിക്കരുത് -ഡോ. വന്ദന ശിവ
തിരുവനന്തപുരം: പാശ്ചാത്യ ശാസ്ത്രബോധം വച്ച് ആയുര്‍വേദത്തെ അളക്കാന്‍ അനുവദിക്കരുതെന്ന് ഡോ. വന്ദന ശിവ പറഞ്ഞു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പര്യാവരണ്‍ ആയുര്‍വേദ എന്ന വിഷയത്തില്‍ നടന്ന പ്ലീനറി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആയുര്‍വേദത്തെ മതമായി കണക്കാക്കുന്നതിലുപരി യുക്തസഹമായി കൈകാര്യം ചെയ്യണമെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രജിസ്ട്രാര്‍ ഡോ. ടി സജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

