കേന്ദ്ര നാളീകേര വികസന ബോർഡ് ആസ്ഥാനം മാറ്റാനുള്ള നീക്കം ചെറുക്കണം -മന്ത്രി കെ. രാജൻ
text_fieldsപി.ജി. വേലായുധൻ നായർ പത്താം ചരമവാർഷിക ദിനത്തിൽ മന്ത്രി കെ. രാജൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു
തിരുവനന്തപുരം: കേന്ദ്ര നാളീകേര വികസന ബോർഡ് ആസ്ഥാനം കേരളത്തിൽ നിന്നും മാറ്റാനുള്ള നീക്കത്തെ ചെറുത്ത് തോൽപിക്കണമെന്ന് മന്ത്രി കെ. രാജൻ. ദേശീയടിസ്ഥാനത്തിൽ നാളികേര വികസന ബോർഡ് രൂപവത്കരിക്കാനുള്ള ഇന്ദിര ഗാന്ധി സർക്കാറിന്റെ തീരുമാനത്തിനു പിന്നിലെ ശക്തി പി.ജി. വേലായുധൻ നായർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ജി. വേലായുധൻ നായരുടെ പത്താം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
തെങ്ങ് കൃഷിക്കാരുടെ ഉന്നമനത്തിനായി രൂപീകരിച്ച കേന്ദ്ര നാളീകേര വികസന ബോർഡിന്‍റെ ആസ്ഥാനം കേരളത്തിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ കൊടിയുടെ നിറം നോക്കാതെ അണിനിരക്കണം. ഇന്ദിര ഗാന്ധിയെ നേരിൽ കണ്ട് 1979ൽ കേന്ദ്ര നാളീകേര ബോർഡ് ആക്ട് കൊണ്ടുവന്നതും പിന്നീട് 1981ൽ നാളീകേര വികസന ബോർഡ് സ്ഥാപിച്ചതും കേരകർഷക സംഘം സ്ഥാപകനും സ്വാതന്ത്ര്യ സമരസേനാനിയും അവിഭക്ത കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.ജി. വേലായുധൻ നായരുടെ ശ്രമഫലമായി മാത്രമാണെന്നും രാജൻ വ്യക്തമാക്കി.
ബോർഡിന്‍റെ ആസ്ഥാനമായി കേരളത്തെ നിശ്ചയിച്ചത് ഇന്ദിര ഗാന്ധി തന്നെയായിരുന്നു. തികഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു പി.ജി എങ്കിലും പാർട്ടി വ്യത്യാസമില്ലാതെ കർഷകരെ അണിനിരത്തുന്ന ഒരു പൊതുവേദിയായിട്ടാണ് അദ്ദേഹം കേരകർഷക സംഘം രൂപീകരിച്ചത്.
കേരകർഷക സംഘം നേതാക്കളായ അഡ്വ. ജെ. വേണുഗോപാലൻ നായർ, ജി. ഗോപിനാഥൻ, തലയൽ പി. കൃഷ്ണൻ നായർ, എ. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

