Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right‘സമരം’ പോലെയല്ല...

‘സമരം’ പോലെയല്ല ‘ഭരണം’; പ്രഖ്യാപനങ്ങൾ പാഴാകുന്നു, കൈപൊള്ളി കോർപറേഷൻ ബി.ജെ.പി ഭരണം

text_fields
bookmark_border
‘സമരം’ പോലെയല്ല ‘ഭരണം’; പ്രഖ്യാപനങ്ങൾ പാഴാകുന്നു, കൈപൊള്ളി കോർപറേഷൻ ബി.ജെ.പി ഭരണം
cancel
camera_alt

കോർപറേഷൻ പരിധിയിലുള്ള ആമയിഴഞ്ചാൻ തോടിൽ കെട്ടിക്കിടക്കുന്ന മാലിന്യം

തിരുവനന്തപുരം: ഭരണപക്ഷത്തിനെതിരെ പുറത്തുനിന്ന് സമരം നടത്തുന്നതും ഭരണം നടത്തുന്നതും തമ്മിലെ വ്യത്യാസം തിരിച്ചറിഞ്ഞ് കോർപറേഷനിലെ ബി.ജെ.പി ഭരണസമിതി. ചരിത്രത്തിലാദ്യമായി 51 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ബി.ജെ.പി, ഭരണത്തിലേറി ആറുമാസം പിന്നിടുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരത്തിലെ മാലിന്യസംസ്കരണം പൂർണമായും തകരുകയും പ്രഖ്യാപിച്ച പദ്ധതികൾ ജലരേഖയാകുകയും ചെയ്തതോടെ വലിയ ജനരോഷമാണ് ഉയരുന്നത്.

‘ഇൻഡോർ മോഡൽ’ എവിടെ?

സത്യപ്രതിജ്ഞക്ക് പിന്നാലെ മേയർ വി.വി. രാജേഷ് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തുമെന്നും ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കുമെന്നുമായിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇതിൽ ഒരു നടപടിയും ഉണ്ടായില്ല. നിലവിൽ നഗരത്തിലെ പലയിടങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് മാലിന്യം പന്നി വളർത്തൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ശക്തമായ സമരം നയിച്ചവരാണ് ഇപ്പോൾ ഭരണത്തിലുള്ള ബി.ജെ.പി അംഗങ്ങൾ. എന്നാൽ, ശാശ്വത പരിഹാരമില്ലാത്തതിനാൽ പഴയതുപോലെ മാലിന്യം പന്നി വളർത്തൽ കേന്ദ്രങ്ങളിലേക്ക് തന്നെ അയക്കേണ്ടി വരുന്നത് ഭരണസമിതിക്ക് തിരിച്ചടിയാവുകയാണ്.

പൊങ്കാല മാലിന്യം ഇപ്പോഴും ഈഞ്ചക്കലിൽ

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും നഗരത്തിലെ ടൺ കണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ കോർപറേഷന് സാധിച്ചിട്ടില്ല. നഗരം തൂത്തുവാരി ഈഞ്ചക്കലിലെ കെ.എസ്.ആർ.ടി.സി സ്ഥലത്ത് തള്ളിയ മാലിന്യം അടിയന്തരമായി മാറ്റുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല. ഇത് പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ശാസ്ത്രീയ സംസ്കരണത്തിന് പകരം മാലിന്യം മണ്ണിട്ട് മൂടാനെങ്കിലും ഭരണസമിതി തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മരവിച്ച് വികസന പ്രവർത്തനങ്ങൾ

  • നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നും ഭരണസമിതിക്ക് കൃത്യമായ പ്ലാനില്ലെന്ന വിമർശനം ശക്തമാണ്. പ്രധാന പരാജയങ്ങൾ:
  • വാടക പരിഷ്കരണം: ദശകങ്ങളായി പുതുക്കാത്ത കോർപറേഷൻ കെട്ടിടങ്ങളുടെ വാടക പുതുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ മിണ്ടാട്ടമില്ല.
  • അനധികൃത സ്പാ കേന്ദ്രങ്ങൾ: സ്റ്റാച്യുവിലെ ഒരു സ്ഥാപനത്തിനെതിരെ നടപടിയെടുത്തതൊഴിച്ചാൽ നഗരത്തിലെ മറ്റ് അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടിയൊന്നുമില്ല.
  • തെരുവുനായ് ശല്യം: നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമാണെങ്കിലും പേരിനുമാത്രമുള്ള നടപടികളാണ് നടക്കുന്നത്.
  • മഴക്കാല പൂർവ ശുചീകരണം: മഴക്കാലം എത്തിയതോടെ നഗരത്തിലെ ഓടകൾ നിറഞ്ഞുകവിയുന്ന അവസ്ഥയാണ്. പ്രീ-മൺസൂൺ ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ കാര്യക്ഷമമായില്ല.
  • അടിസ്ഥാന പ്രശ്നങ്ങളിൽ മെല്ലെപ്പോക്ക്: തെരുവുവിളക്കുകൾ കത്താത്തതും കുടിവെള്ള വിതരണത്തിലെ പാളിച്ചകളും നഗരവാസികളെ ബുദ്ധിമുട്ടിക്കുന്നു.

ഭരണത്തിലേറി 45 ദിവസത്തിനകം കേന്ദ്രപദ്ധതികളുടെ പ്രളയമുണ്ടാകുമെന്ന് പ്രഖ്യാപിച്ച മേയർ വി.വി. രാജേഷിന്, നിലവിൽ അടിസ്ഥാന സൗകര്യങ്ങൾപോലും ഉറപ്പുവരുത്താൻ കഴിയുന്നില്ലെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം ചർച്ചയിലാണെന്ന് മേയർ ആവർത്തിക്കുമ്പോഴും നഗരം ചീഞ്ഞുനാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvananthapuram corporationlocalnewsThiruvananthapuramBJP
News Summary - 'Government' is not like 'struggle'; Announcements are wasted, BJP's governance is a waste of time
Next Story