പിതാവിനെയും മക്കളെയും വെട്ടിയ കേസിൽ ഗുണ്ടാസംഘം പിടിയിൽ
text_fieldsതിരുവനന്തപുരം: കുടപ്പനക്കുന്ന് പാതിരപ്പള്ളിയിൽ പിതാവിനെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ പൊലീസ് പിടികൂടി. കടപ്പനക്കുന്ന് പാതിരപ്പള്ളി പാറവിള വീട്ടിൽ ബിനു എന്ന പ്രമോദ് (27), സഹോദരൻ ദീപു എന്ന പ്രദീപ് (28), വട്ടിയൂർക്കാവ് മണികണ്ഠേശ്വരം കാവിൻപുറം ചന്ദ്ര ഭവനിൽ ചിക്കു എന്ന വിശാഖ് (27) എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണറുടെ ആൻറി ഗുണ്ടാ സ്ക്വാഡിന്റെ സഹായത്തോടെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രി 10.30ഓടെ പാതിരപ്പള്ളി ഇളയമ്പള്ളിക്കോണം സ്വദേശിയായ ബാബുരാജിനെയും മക്കളായ ജയരാജ്, അരുൺകുമാർ എന്നിവരെയും അക്രമിസംഘം വെട്ടുകത്തികൊണ്ട് തലയിലും ദേഹത്തും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബാബുരാജിന്റെ വീടിന് സമീപത്തിരുന്ന് പ്രതികൾ മദ്യപിച്ചത് ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.
പേരൂര്‍ക്കട എസ്.എച്ച്.ഒ സജികുമാർ, എസ്.ഐമാരായ സന്ദീപ്, ജയകുമാർ, സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ യശോധരൻ, അരുൺകുമാർ, എ.എസ്.ഐ സാബു, എസ്.സി.പി.ഒ വിനോദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.