തിരുവനന്തപുരം വിമാനത്താവളത്തിൽ മൂന്നുപേരിൽനിന്ന് 1.20 കോടി രൂപയുടെ സ്വർണം പിടിച്ചു
text_fieldsതിരുവനന്തപുരം: വിദേശത്തുനിന്ന് വ്യത്യസ്ത രീതികളിൽ രണ്ട് കിലോയിലധികം സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിൽ. തിരുവനന്തപുരം ബീമാപള്ളി സ്വദേശി സെയ്യദലി (40), മാവേലിക്കര സ്വദേശി ഷിനാസ് (22), തമിഴ്നാട് തൃശ്നാപള്ളി സ്വദേശി റിയാസ് അഹമ്മദ് (30) എന്നിവരെയാണ് വ്യത്യസ്ത സംഭവങ്ങളിലായി എയർ കസ്റ്റംസ് പിടികൂടിയത്. സ്വർണത്തിന് 1.20 കോടി രൂപ വില വരും.
ചൊവ്വാഴ്ച രാവിലെ ദുബൈയിൽനിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് എയർലൈൻസിലാണ് റിയാസ് അഹമ്മദും സെയ്യദലിയുമെത്തിയത്. റിയാസ് 962.22 ഗ്രാം സ്വർണം കെമിക്കൽ രൂപത്തിലുള്ള ബോളുകളാക്കി വിഴുങ്ങി വയറ്റിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
സെയ്യദലി 170.18 ഗ്രാം സ്വർണം അളക്കാൻ ഉപയോഗിക്കുന്ന മെഷറിംഗ് ടേപ്പിന്റെ റോളാക്കിയാണ് കടത്താൻ ശ്രമിച്ചത്. ഇവരെ പരിശോധിക്കുന്നതിനിടയിലാണ് ഷാർജയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായിരുന്ന ഷിനാസിനെ 870.4 3ഗ്രാം സ്വർണവുമായി പിടികൂടിയത്.
മൂന്ന് ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. റിയാസിനെയും ഷിനാസിനെയും ടോയ്ലറ്റിലെത്തിച്ച് സ്വർണം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് മെഡിക്കൽ സഹായത്തോടെയാണ് സ്വർണം പുറത്തെടുത്തത്.

