ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന് ഇന്ന് സമാപനം
text_fieldsഡോ. ജുന് മാവോ
തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനത്ത് അഞ്ചു ദിവസം സംഘടിപ്പിച്ച ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും.
ആയുര്‍വേദ ഡോക്ടര്‍മാര്‍, നയരൂപകര്‍ത്താക്കള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, അക്കാദമിക വിദഗ്ധര്‍, വെല്‍നെസ് മേഖലയിലെ പ്രമുഖര്‍ വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പങ്കാളികള്‍ എന്നിവര്‍ ജി.എ.എഫ് അഞ്ചാം പതിപ്പില്‍ ഒത്തുചേര്‍ന്നു.
ഡിസംബര്‍ ഒന്നിന് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച സമ്മേളനം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറാണ് ഉദ്ഘാടനം ചെയ്തത്. ആയുര്‍വേദ സമൂഹത്തിന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശം വേദിയില്‍ വായിച്ചു.
ആധുനിക ലോകത്തെ ആരോഗ്യവെല്ലുവിളികളെ നേരിടുന്നതില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം വെല്‍നെസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാരും ആയുര്‍വേദ സ്ഥാപനങ്ങളും ചേര്‍ന്നുള്ള സഹകരണത്തിനും സമ്മേളനത്തില്‍ തീരുമാനമായി.
സന്ദര്‍ശകരെ ആകര്‍ഷിച്ച് ചരിത്ര പ്രദര്‍ശനം
തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ 3500 വര്‍ഷം പഴക്കമുള്ള പൗരാണികവും ആധുനികവുമായ ചരിത്രമുഹൂര്‍ത്തങ്ങള്‍ നൂറടിക്കുള്ളില്‍ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ കവാടത്തിലാണ് ആയുര്‍വേദത്തിന്റെ ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശനം.
ക്രിസ്തുവിന് 1500 വര്‍ഷം മുമ്പ് അഥര്‍വ വേദ സംഹിതയിലാണ് ആയുര്‍വേദത്തിന്റെ വിശദമായ പ്രതിപാദ്യമുള്ളത്. അന്ന് മുതല്‍ 2022 ല്‍ ലോകാരോഗ്യ സംഘടന പരമ്പരാഗത വൈദ്യശാഖയുടെ ആഗോളകേന്ദ്രം ഇന്ത്യയില്‍ ആരംഭിച്ചത് വരെയുള്ള നാഴികക്കല്ലുകള്‍ ഈ പ്രദര്‍ശനത്തില്‍ കാണാം. 1000 ബി.സിയിലെ പുനര്‍വാസ്തു ആത്രേയ, കായകല്പം, ശാലക്യ തുടങ്ങിയ ചികിത്സാ രീതികള്‍ ഈ കാലഘട്ടത്തിലാണ് ആരംഭിച്ചത്. പിന്നീട്, ഭേല സംഹിത, അഗ്നിവേശ തന്ത്ര, ധൃതബല എന്നിവയും പ്രതിപാദിച്ചിരുന്നു.
ആയുര്‍വേദ വിജ്ഞാനം ഉപയോഗപ്പെടുത്താന്‍ അര്‍ബുദരോഗ വിദഗ്ധര്‍ ശ്രമിക്കണം
തിരുവനന്തപുരം: ആയുര്‍വേദത്തിലെ പരമ്പരാഗത വിജ്ഞാനവും ആധുനിക ശാസ്ത്രവും സഹവര്‍ത്തിത്വത്തിലൂടെ മുന്നോട്ടുപോകണമെന്ന് ന്യൂയോര്‍ക്കിലെ സ്ലോവാന്‍ കെറ്റെറിങ് കാന്‍സര്‍ സെന്ററിലെ ഡോ. ജുന് മാവോ പറഞ്ഞു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ അര്‍ബുദരോഗത്തെക്കുറിച്ച് നടന്ന പ്ലീനറി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ തന്നെ ഏറ്റവും മികച്ച അര്‍ബുദരോഗ ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നായ സ്ലോവാന്‍ കെറ്റെറിങ് കാന്‍സര്‍ സെന്ററിലെ ഇന്റഗ്രേറ്റിവ് മെഡിസിന് വിഭാഗത്തിന്റെ മേധാവിയാണ് ഡോ. മാവോ. ശിരോധാരയടക്കമുള്ള ആയുര്‍വേദ ചികിത്സകളുടെ ഫലം നേരിട്ടറിയാന്‍ അവസരമുണ്ടായതായി അദ്ദേഹം പറഞ്ഞു. ആയുര്‍വേദ ചികിത്സാരീതികള്‍ മികച്ചതാണ്. റേഡിയേഷന്, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ മാറ്റാന്‍ ആയുര്‍വേദ ചികിത്സാവിധികള്‍ മികച്ച ഫലം ചെയ്യും.
യോഗ, ചൈനീസ് ഔഷധങ്ങള്‍, അക്യുപങ്ചര്‍ എന്നീ ചികിത്സകള്‍ ഡോ. മാവോ തന്റെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംയോജിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ പിന്തുടര്ന്നുവരുന്ന ആയുര്‍വേദ ചികിത്സാരീതികളില്‍ നിന്ന് ലോകത്തിന് ഏറെ പഠിക്കാനുണ്ട്. ആരോഗ്യമുള്ള ജീവിതത്തിന് ഈ രീതികള്‍ രോഗികളും ഏറെ ഇഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കും
തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനത്തില്‍ ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്സ് (ഐ.പി.എച്ച്.എസ്) ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കുള്ള കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ ആയുഷ് മന്ത്രാലയ പ്രതിനിധി. അവശ്യമരുന്നുകളും മനുഷ്യശേഷിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയുള്ള പൊതുജനാരോഗ്യ നിലവാരമുണ്ടായിരിക്കണമെന്നാണ് കരട് മുന്നോട്ടുവെക്കുന്നത്.
അന്തിമ കരട് തയാറായിക്കഴിഞ്ഞെന്നും ഇത് അഭിപ്രായങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ആയുഷ്) ഡോ. രഘു എ പറഞ്ഞു.
ഗര്‍ഭാവസ്ഥയിലെ അമിതവണ്ണത്തിലും ജീവിതശൈലി രോഗങ്ങളിലും ആയുര്‍വേദത്തിന്റെ ഫലപ്രദമായ ഇടപെടലുകളെക്കുറിച്ച് ലാത്വിയ സര്‍വകലാശാലയിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡിക് സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടറും ഗവേഷകയുമായ ഡോ. സിന്തിജ സൗസ തന്റെ അവതരണത്തില്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

