പൊലീസ് ക്വാർട്ടേഴ്സിൽ പെൺകുട്ടി മരിച്ചസംഭവം: സ്വാഭാവിക മരണമെന്ന് സി.ബി.ഐയും
text_fieldsതിരുവനന്തപുരം: പൊലീസ് ക്വാർട്ടേഴ്സിൽ അവശനിലയിൽ കണ്ടെത്തിയ 13 വയസ്സുകാരി മരിച്ച കേസിൽ സി.ബി.ഐ അന്വേഷണ റിപ്പോർട്ട് ഹാജരാക്കി. മരണം സ്വാഭാവികമെന്നാണ് റിപ്പോർട്ടിലുള്ളത്. കൊലപാതകം നടന്നതിന്റെ ഒരു തെളിവും കണ്ടെത്താനായില്ല. പെൺകുട്ടിയുടെ മതാപിതാക്കൾ, ക്വാർട്ടേഴ്സിലെ ജീവനക്കാർ, അയൽവാസികൾ, മുൻ താമസക്കാർ, പെൺകുട്ടിയുടെ സഹപാഠികൾ തുടങ്ങി 210 സാക്ഷികളെ വിസ്തരിച്ചു. പീഡനത്തിനിരയായതുസംബന്ധിച്ച തെളിവുകളും കണ്ടെത്താൻ കഴിഞ്ഞില്ല. ഒമ്പതുപേരെ നുണപരിശോധനക്ക് വിധേയരാക്കി. ഇവരിൽനിന്ന് തെളിവൊന്നും ലഭിച്ചില്ല.
2023 മാർച്ച് 29നാണ് പെൺകുട്ടിയെ പൊലീസ് ക്വാർട്ടേഴ്സിലെ കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഏപ്രിൽ ഒന്നിന് മരിച്ചു. മസ്തിഷ്ക രക്തസ്രാവമായിരുന്നു മരണകാരണം. മ്യൂസിയം പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പൊസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരായായെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പൊക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.
75 സാക്ഷികളെ ചോദ്യംചെയ്തിട്ടും പൊലീസിന് തുമ്പ് ലഭിച്ചില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈകാറി. ഒമ്പതുമാസത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുരോഗതിയുണ്ടായില്ല. കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. സി.ബി.ഐ റിപ്പോർട്ട് അംഗീകരിക്കുന്നതിൽ തർക്കമുണ്ടെങ്കിൽ അത് സമർപ്പിക്കാൻ സമയം വേണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

